വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി എന്റെ ശത്രുവല്ലെന്നും അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനോടാണ് തനിക്ക് വിയോജിപ്പെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വാഷിങ്ടണ്‍ ഡി.സിയിലെ ജോര്‍ജ് ടൗണ്‍ യൂനിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കവെയാണ് എതിരാളികള്‍ക്കെതിരായ തന്റെ നിലപാട് രാഹുല്‍ വ്യക്തമാക്കിയത്.
‘കൂട്ടിയോജിപ്പ് ലയിപ്പിക്കുക’ എന്നതാണ് ഇന്ത്യയുടെ അടിസ്ഥാന ആശയമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയെ വേര്‍തിരിച്ച് കാണുക എന്ന തെറ്റിദ്ധാരണയാണ് ബി.ജെ.പിക്കും ആര്.എസ്.എസിനുമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിയും ആര്.എസ്.എസും നമ്മുടെ സ്ഥാപനങ്ങള്‍ക്ക് വരുത്തുവെച്ച നാശനഷ്ടങ്ങള്‍ ഇല്ലാതാക്കുക എന്നത് വളരെ പ്രാധാന്യമുള്ള വിഷയമാണ്. അത് അത്ര എളുപ്പത്തിലും ലളിതമായും പരിഹരിക്കപ്പെടാന്‍ പോകുന്നില്ല. ഇരുപതിലധികം കേസുകള്‍ തനിക്കെതിരെ ഉണ്ട്. അന്വേഷണ ഏജന്‍സികള്‍, നിയമസംവിധാനം അടക്കം നിരവധി മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പ്രതിപക്ഷത്തെ ആക്രമിക്കുന്നത് അവര്‍ തുടരുകയാണ്. സ്ഥാപനങ്ങളെ നിഷ്പക്ഷമാക്കുക എന്നതാണ് യഥാര്‍ഥ വെല്ലുവിളിയെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.