തൊടുപുഴ : ആര്.എസ്.എസിന്റെ പ്രധാന നേതാക്കളുമായി എ.ഡി.ജി.പി അജിത് കുമാര്‍ പലവട്ടം രഹസ്യ ചര്‍ച്ചകള്‍ നടത്തിയെന്ന് സ്ഥിരീകരിക്കപ്പെട്ട റിപ്പോര്‍ട്ട് ഞെട്ടലുളവാക്കുന്നതാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എം എം സുലൈമാന്‍ .കേരളത്തില്‍ സംഘ് പരിവാറിന്റെ വളര്‍ച്ചക്കായി നേതൃപരമായി പങ്കുവഹിക്കുന്ന ആര്.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേയുമായും സംഘടനയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്ന രാം മാധവുമായും പൊലീസ് മേധാവി കൂടിക്കാഴ്ച നടത്തിയത് അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അസം, ത്രിപുര തുടങ്ങി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മുകാശ്മീരിലും കാവി രാഷ്ട്രീയത്തിന്റെ വിളവെടുപ്പിന് തന്ത്രങ്ങള്‍ മെനയാനും ആ പ്രദേശങ്ങള്‍ വര്‍ഗീയ സംഘര്‍ഷങ്ങളുടെ ഭൂമികയായി മാറ്റിയെടുക്കാനും രാംമാധവ് വഹിച്ച പങ്ക് എല്ലാവര്ക്കും അറിയാം. കേരളത്തെ സംഘര്‍ഷ ഭൂമിയാക്കി മാറ്റിസംഘ ്പരിവാറിന് അനുകൂല സാഹചര്യമൊരുക്കാനുള്ള നീക്കം അത്യന്തം അപകടകരമാണ്. കാവിരാഷ്ട്രീയത്തിന്റെ ആര്.എസ്.എസ് മുഖങ്ങളായ ഈ നേതാക്കളെ ചെന്നു കാണാനും രഹസ്യബന്ധം സ്ഥാപിക്കാനും അജിത് കുമാര്‍ നടത്തിയ നിഗൂഢനീക്കങ്ങളെ കുറിച്ച് ആഴത്തില്‍ അന്വേഷിക്കേണ്ടതുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നടത്തിയ മുന്നേറ്റത്തിന് പിന്നില്‍ ഈ പൊലീസ് മേധാവിയുടെ സംഭാവന ചെറുതായിരിക്കില്ല. പൂരം കലക്കി സുരേഷ് ഗോപിക്ക് അനുകൂലമായി തൃശ്ശൂരിനെ പരുവപ്പെടുത്താനും ക്രൈസ്തവരില്‍ ഒരുവിഭാഗത്തെ സംഘ് പരിവാറിനോട് അടുപ്പിക്കാനും അജിത് കുമാര്‍ വഹിച്ച പങ്ക് അന്വേഷണ വിധേയമാക്കണമെന്നും ഹിന്ദുത്വ പ്രതിനിധാനം ചെയ്യുന്ന വര്‍ഗീയ
ഫാസിസത്തെ നേരിടുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഇടതുപക്ഷത്തിന് ഇത്തരം പൊലീസ് ഉദ്യോഗസ്ഥരുമായി മുന്നോട്ടുപോവാന്‍ ആവില്ലെന്നും എം എം സുലൈമാന്‍ പറഞ്ഞു.