നിലമ്പൂര്‍: മാധ്യമങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധത കാണിക്കുകയാണെന്നും കേരളത്തില്‍ ഇനിയും പിണറായി വിജയന് ഭരിക്കുമെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്.
കേരളത്തില്‍നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മായ്ച്ചുകളയുക എന്ന പ്രവര്‍ത്തന പ്രക്രിയയിലേക്ക് നീങ്ങുന്ന വലതുപക്ഷത്തിന്റെ അണിയിലേക്ക് ഒരു അന്‍വര്‍കൂടി പോയിരിക്കുന്നു എന്നതുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒന്നും സംഭവിക്കാന്‍പോകുന്നില്ല.നിലമ്പൂരില്‍ സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോപണങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ മാധ്യമങ്ങള്‍ക്ക് മതിയാകുന്നില്ല. പി. ശശിക്കെതിരെ ആരോപണങ്ങള്‍ മാത്രമാണ്. കൃത്യമായ തെളിവോടെയുള്ള ഒരു പരാതി പോലുമില്ല. എന്നാല്‍ മാധ്യമങ്ങള്‍ കടന്നാക്രമിക്കുകയാണ്. റോഡില്‍ കുഴിയുണ്ടായാലും കുറ്റം മുഖ്യമന്ത്രിക്കാണ്. വിമര്‍ശനങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ ന്യായമായ വിമര്ശനമായിരിക്കണമെന്നും വിജയരാഘവന് പറഞ്ഞു.
മലപ്പുറം ജില്ലയേക്കുറിച്ച് പിണറായി വിജയന് പറഞ്ഞത് എന്ന് ദുര്‍വ്യാഖ്യാനംചെയ്ത് ചില മാധ്യമങ്ങളും വര്?ഗീയവാദികളും ശക്തമായി രംഗത്തേക്ക് വന്നപ്പോള്‍ തന്റെ ഉദ്ദേശം അതല്ലെന്ന് പിണറായി വിശദീകരിച്ചതാണ്. കമ്യൂണിസ്റ്റുകാരെ വിമര്‍ശിക്കാം. പക്ഷേ ഇങ്ങോട്ട് പറയുമ്പോള്‍ നന്നായി കേള്‍ക്കുകയുംചെയ്യും അങ്ങോട്ട് പറയുമ്പോള്‍ നന്നായി പറയുകയും ചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ല.
സര്‍ക്കാര്‍ ന്യായമായ പ്രവര്‍ത്തനം നടത്തുകയാണ്. ഇന്ന് ആരോപണമുന്നയിച്ചു, നാളെത്തന്നെ നടപടിയെടുത്തില്ല എന്ന രീതിയിലാണ് ഇവിടത്തെ കാര്യങ്ങള്‍. കമ്യൂണിസ്റ്റ് വിരോധം മൂത്തിട്ട് പിണറായിയെ കാണുമ്പോള്‍ ചാനല്‍ മുതലാളിയുടെ കാലിനടിയില്‍നിന്ന് ഒരു കിലുക്കമുണ്ടാവും. അതവിടെ കിലുങ്ങി നില്‍ക്കുകയേയുള്ളു. കേരളത്തില്‍ ഇനിയും പിണറായി ഭരിക്കും.’ എ.വിജയരാഘവന് പറഞ്ഞു.
ഞങ്ങള്‍ സത്യത്തിന്റെ ഭാഗത്താണ്. പി. ശശിക്കെതിരെ വ്യക്തമായ ഒരു പരാതിയും ഇന്നുവരെ ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമപ്രകാരം മാത്രമേ നടപടി സ്വീകരിക്കാനാവൂ. അത് മനസ്സിലാക്കാതെ നടപടി ഉടനെ വേണമെന്ന് പറയുന്നത് ശരിയല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥരുടെ ആവശ്യമില്ല. ജനങ്ങളാണ് ഈ പാര്‍ട്ടിയുടെ ശക്തി. വ്യക്തമായ നയ സമീപനത്തോടെയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്” -വിജയരാഘവന് പറഞ്ഞു.
