തിരുവനന്തപുരം:എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വിജിലന്‍സ്. പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തല്‍. മൊഴിക്കപ്പുറം തെളിവ് ഹാജരാക്കാന്‍ പരാതിക്കാരനായ പ്രശാന്തിന് കഴിഞ്ഞില്ലെന്നും വിജിലന്‍സ്. വിജിലന്‍സ് അടുത്ത ആഴ്ച റിപ്പോര്‍ട്ട് നല്‍കും.
കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ് പിയാണ് അന്വേഷണം നടത്തിയത്. എന്നാല്‍ പ്രശാന്തിന്റെ ചില മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകളും ദൃശ്യങ്ങളുമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്വര്‍ണം പണയം വെച്ചത് മുതല്‍ എഡിഎമ്മിന്റെ ക്വാര്‍ട്ടേഴ്സിലേക്ക് എത്തുന്നത് വരെയുള്ള മൊഴികളില്‍ തെളിവുകളുണ്ട്. എന്നാല്‍ ക്വാര്‍ട്ടേഴ്സിന് സമീപം എത്തിയശേഷം എന്ത് സംഭവിച്ചു എന്നതിന് തെളിവില്ല.
ഒക്ടോബര്‍ അഞ്ചിന് സ്വര്‍ണം പണയം വെച്ചതിന്റെ രസീത് പ്രശാന്ത് കൈമാറി. ഒക്ടോബര്‍ ആറിന് പ്രശാന്തും നവീന്‍ ബാബുവും നാല് തവണ ഫോണില്‍ സംസാരിച്ചു. ഈ വിളികള്‍ക്കൊടുവിലാണ് പ്രശാന്ത് നവീന്‍ ബാബു കൂടിക്കാഴ്ച നടക്കുന്നത്.
പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതിനായി കൈക്കൂലി നല്‍കിയെന്നായിരുന്നു പെട്രോള്‍ പമ്പിന്റെ അപേക്ഷകനായിരുന്ന പ്രശാന്തിന്റെ ആരോപണം. സംഭവത്തില്‍ കൈക്കൂലി ഇടപാട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനായിരുന്നു വിജിലന്‍സ് സ്പെഷല്‍ സെല്ലിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്.
