ഡല്‍ഹി : രാജ്യതലസ്ഥാനത്തെ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. ഡല്‍ഹിയില്‍ മിക്കയിടത്തും വായു ഗുണനിലവാര സൂചിക 400 കടന്നു. വായു ഗുണനിലവാരം കുത്തനെ കുറഞ്ഞതിനെ തുടര്‍ന്ന് കടുത്ത നടപടിയുമായി ഡല്‍ഹി. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. അനിവാര്യമല്ലാത്ത എല്ലാ നിര്‍മ്മാണ, പൊളിക്കല്‍ ജോലികളും നിര്‍ത്തിവെക്കാനും ഇലക്ട്രിക് അല്ലാത്ത ബസുകള്‍ നിരത്തിലിറക്കരുതെന്നും അറിയിപ്പ് നല്കി. കമ്മീഷന് ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് (സിഎക്യുഎം) വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ തീരുമാനങ്ങള്‍ പ്രാബല്യത്തിലാക്കും.
മലിനീകരണത്തോത് കുറക്കാനായി ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ എന്ന കര്‍മപദ്ധതി മൂന്നാം ഘട്ടത്തിലേക്ക് ഉയര്‍ത്തി. ഇതോടെ പ്രൈമറി സ്കൂളുകള്‍ അടക്കും. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് മാത്രമാകും ലഭ്യമാക്കുക. വായുഗുണനിലവാരം മെച്ചപ്പെടുന്ന മുറക്ക് മാത്രമേ തിരികെ സ്കൂളുകള്‍ തുറക്കുകയുള്ളൂ.
പൊടി ഇല്ലാതാക്കാന്‍ കൂടുതല്‍ യന്ത്രവത്കൃത റോഡ് സ്വീപ്പിംഗ്, വെള്ളം തളിക്കല്‍ യന്ത്രങ്ങള്‍ വിന്യസിക്കാനും തീരുമാനമായി. ഡീസല്‍ ജനറേറ്റര്‍ സെറ്റുകള്‍ അടിയന്തര ഉപയോഗത്തിന് മാത്രമായി പരിമിതപ്പെടുത്തും.
ആളുകള്‍ കഴിയുന്നത്ര വീടിനുള്ളില്‍ തന്നെ കഴിയാന്‍ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഠിനമായ വായു മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ ശാരീരികമായി മാത്രമല്ല, മാനസികാവസ്ഥയെയും ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുറത്ത് പോകുന്നത് അത്യാവശ്യമാണെങ്കില്‍, N95 മാസ്ക് ധരിക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചു.

