തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെ ആറ് മണിക്കൂര്‍ ചോദ്യം ചെയ്ത് വിജിലന്‍സ്. ആഢംബര വീട് നിര്‍മാണം, കള്ളക്കടത്ത് സ്വര്‍ണം തിരിമറി, മലപ്പുറം എസ്പിയുടെ വസതിയിലെ മരംമുറി ഉള്‍പ്പെടെയുള്ള പരാതികളിലാണ് അന്വേഷണം.
രണ്ടാഴ്ചക്കുള്ളില്‍ വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിജിലന്‍സ് എസ് പി കെ എല്‍ ജോണിക്കുട്ടി, ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. പി വി അന്‍വര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം.
തന്റെ വാദം തെളിയിക്കാനുള്ള രേഖകള്‍ അജിത് കുമാര്‍ കൈമാറി. അന്വേഷണ റിപ്പോര്‍ട്ട് ഡിസംബര്‍ പകുതിയോടെ തയ്യാറാക്കും. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ അജിത്കുമാറിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യും.
അനധികൃത സ്വത്തില്ലെന്ന് അജിത് കുമാര്‍ മൊഴിനല്‍കി. ആരോപണങ്ങള്‍ക്ക് പിന്നില്‍ മതമൗലികവാദികളാണെന്നും എ.ഡി.ജി.പിയുടെ മൊഴിയില്‍ പറയുന്നു. ആരോപണങ്ങള്‍ വ്യാജമാണ്. വസ്തുതകള്‍ ഇല്ലാത്തതാണ്. പ്രത്യേക ലക്ഷ്യത്തോടെയാണ് തനിക്കെതിരെയുള്ള ആരോപണങ്ങളെന്നും അജിത് കുമാര്‍ വിജിലന്‍സിന് മൊഴിനല്‍കി.

