ഹൈദരാബാദ്: പുഷ്പ-2 റിലീസിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഗുരുതരമായി പരിക്കേറ്റ ഒമ്പതുവയസുകാരനെ സന്ദര്‍ശിച്ച് നടന് അല്ലു അര്ജുന്. ഹൈദരാബാദിലെ ആശുപത്രിയിലെത്തിയാണ് ചികിത്സയില്‍ കഴിയുന്ന ശ്രീതേജയെ അല്ലു അര്ജുന് സന്ദര്‍ശിച്ചത്. നടന്റെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് ആശുപത്രി പരിസരത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.
അല്ലു അര്ജുന് ആശുപത്രിയിലെത്തിയതിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംസ്ഥാന ഫിലിം ഡവലപ്മെന്റ് കോര്പറേഷന് ചെയര്മാന് ദില്‍ രാജുവും അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു.
സന്ദര്‍ശനം രഹസ്യമാക്കണമെന്ന് നേരത്തേ പോലീസ് നടന് നിര്‍ദേശം നല്‍കിയിരുന്നു. ആശുപത്രി പരിസരത്തെ സുരക്ഷാക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തി നോട്ടീസയക്കുകയും ചെയ്തു.

