‘അമ്മ’യിലെ കൂട്ടരാജിയില്‍ ഭിന്നത; രാജിവെക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സരയു, താല്‍പര്യത്തോടെ ആയിരുന്നില്ല രാജിയെന്ന് അനന്യ

കൊച്ചി: ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ ‘അമ്മ’ സംഘടനയുടെ ഭരണസമിതി രാജിവെച്ചതില്‍ കടുത്ത ഭിന്നത. ഏകകണ്ഠമായ തീരുമാനമാണ് ഭരണസമിതിയുടെ രാജിയെന്ന് ഭാരവാഹികള്‍ അറിയിച്ചെങ്കിലും രാജി എല്ലാവരുടെയും നിലപാടായിരുന്നില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. താന്‍ ആര്‍ക്കും രാജി നല്‍കിയിട്ടില്ലെന്നും രാജിവെക്കാന്‍ തീരുമാനിച്ചിരുന്നില്ലെന്നും എക്‌സിക്യൂട്ടിവ് അംഗം സരയു മോഹന്‍ പറഞ്ഞു. വ്യക്തിപരമായി രാജിയോട് താല്‍പര്യം ഉണ്ടായിരുന്നില്ലെന്ന് എക്‌സിക്യൂട്ടിവ് അംഗമായ അനന്യയും വ്യക്തമാക്കി.

സിദ്ദിഖ് നടത്തിയ വാര്‍ത്തസമ്മേളനം തെറ്റായിപ്പോയെന്ന അഭിപ്രായം എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ പറഞ്ഞിട്ടുണ്ടെന്നും രാജിവെക്കുക തന്റെ തീരുമാനമല്ലെന്നും സരയൂ പറഞ്ഞു. കമ്മിറ്റി പിരിച്ചുവിടണമെന്ന തീരുമാനം താന്‍ എടുത്തിട്ടില്ല. എന്നാല്‍, ഒരു സംഘടനയിലെ ഭൂരിഭാഗവും രാജിവെക്കുമ്പോള്‍ കമ്മിറ്റിക്കും രാജിവെക്കേണ്ടിവരും. പക്ഷേ, രാജിവെക്കാനുള്ള തീരുമാനം ഐക്യകണ്ഠമല്ല -സരയൂ മോഹന്‍ പറഞ്ഞു.

പ്രസിഡന്റ് മോഹന്‍ലാല്‍, വൈസ് പ്രസിഡന്റുമാരായ ജഗദീഷ്, ജയന്‍ ചേര്‍ത്തല, ജോയിന്റ് സെക്രട്ടറി ബാബുരാജ്, ട്രഷറര്‍ ഉണ്ണി മുകുന്ദന്‍, എക്‌സിക്യൂട്ടിവ് സമിതി അംഗങ്ങളായ അനന്യ, അന്‍സിബ ഹസന്‍, ജോയ് മാത്യു, ജോമോള്‍, കലാഭവന്‍ ഷാജോണ്‍, സരയു മോഹന്‍, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹന്‍ എന്നിവരാണ് ഇന്നലെ രാജിവെച്ചതായി പ്രഖ്യാപനം വന്നത്. എന്നാല്‍, എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലെ അനന്യ, സരയു, ടൊവിനോ തോമസ്, വിനു മോഹന്‍ എന്നിവര്‍ രാജി തീരുമാനത്തോട് വിയോജിപ്പ് അറിയിച്ചതായാണ് വിവരം.

വ്യക്തിപരമായി രാജിയോട് താല്‍പര്യമില്ലെന്ന് അനന്യ പറഞ്ഞു. ആരോപണ വിധേയര്‍ വ്യക്തിപരമായി രാജിവെച്ച് ഒഴിയുകയെന്നതാണ് ശരി. ധാര്‍മികത മുന്‍നിര്‍ത്തിയാണ് രാജിവച്ചതെന്നും അനന്യ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *