തിരുവനന്തപുരം: കുട്ടനാട് എം.എല്‍.എയും എന്‍.സി.പി നേതാവുമായ തോമസ് കെ.തോമസിന്റെ ആരോപണങ്ങള്‍ക്ക് എതിരേ പ്രതികരിച്ച് ആന്റണി രാജു. മുഖ്യമന്ത്രിയെ ഞാന്‍ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് തോമസ് കെ. തോമസ് പറയുന്നത്. താന്‍ വിചാരിച്ചാല്‍ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്ന ആളല്ല മുഖ്യമന്ത്രിയെന്ന് ആന്റണി രാജു പറഞ്ഞു. എനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രിക്കു മുമ്പാകെ തുറന്നു സമ്മതിച്ചിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ പറയേണ്ടി വന്നാല്‍ പിന്നീട് പറയുമെന്ന് ആന്റണി രാജു പറഞ്ഞു.
ജനാധിപത്യ കേരള കോണ്‍ഗ്രസ് കുട്ടനാട്ടില്‍ ഒരിക്കലും മത്സരിച്ചിട്ടില്ലെന്നും തോമസ് കെ. തോമസ് അപക്വമായ പ്രസ്താവന നടത്തുകയാണെന്നും ആന്റണി രാജു പറഞ്ഞു.
എന്‍.സി.പിയിലേക്ക് കൂറുമാറ്റാന്‍ രണ്ട് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്ക് 100 കോടി വാഗ്ദാനം നല്‍കിയെന്ന ആരോപണമാണ് കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസിനെതിരെ ഉയര്‍ന്നത്. എന്നാല്‍, ആരോപണം അടിസ്ഥാനരഹിതമാണെന്നും കുട്ടനാട് സീറ്റ് തട്ടിയെടുക്കാനുള്ള ആന്റണി രാജുവിന്റെ ശ്രമമാണ് ആരോപണത്തിന് പിന്നിലെന്ന് തോമസ് കെ. തോമസ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

