നിലമ്പൂര്‍: ഈ രീതിയിലാണ് പോകുന്നതെങ്കില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അവസാനത്തെ മുഖ്യമന്ത്രിയാവും പിണറായി വിജയനെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. അദ്ദേഹത്തെ നയിക്കുന്നത് ഉപജാപകസംഘമാണെന്നും അന്‍വര്‍ പറഞ്ഞു.
‘പാര്‍ട്ടി ഇവിടെ നില്‍ക്കണം. ഒരു റിയാസ് മാത്രം നിലനിന്നതുകൊണ്ട് കാര്യമില്ല. ഒരു റിയാസിനെ ഉണ്ടാക്കാനല്ല പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. റിയാസിനേയും ബാക്കിയുള്ളവരേയും താങ്ങി നിര്‍ത്താനല്ല പാര്‍ട്ടി. അങ്ങനെ ആരെങ്കിലും ധരിക്കുകയും അതിനുവേണ്ടി പി.വി. അന്‍വറിന്റെ നെഞ്ചത്ത് കേറാന്‍ വരികയും വരണ്ട. ഒരു റിയാസ് മാത്രം മതിയോ?’, അന്‍വര്‍ ചോദിച്ചു.
കേരളത്തില്‍ എല്ലാ പാര്‍ട്ടി നേതാക്കളും ഒറ്റക്കെട്ടാണെന്നും ജനങ്ങള്‍ക്ക് താല്പര്യമുള്ള കേസുകളൊന്നും തെളിയാന്‍ പോകുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു. നേതാക്കള്‍ രാത്രിയാകുമ്പോള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്തും. അവര്‍ എല്ലാ കേസുകളും മുക്കാനുള്ള ആലോചനകള്‍ നടത്തും.എട്ടുകൊല്ലത്തെ എല്‍ഡിഎഫ് ഭരണത്തിന്റെ ഏറ്റവും വലിയ സംഭാവന, പൊതുപ്രവര്‍ത്തകര്‍ക്ക് പൊതുവിഷയത്തില്‍ ഇടപെടുന്നതില്‍നിന്ന് മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടു എന്നതാണ്. അന്‍വര്‍ പറഞ്ഞു.
