എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന്റെ റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിമെന്ന് സംശയം; പി.വി. അന്‍വര്‍

നിലമ്പൂര്‍: സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം. ആര്‍ അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്ന ഗുരുതര ആരോപണങ്ങളുമായി പിവി അന്‍വര്‍ എം.എല്‍.എ. .എം.ആര്‍ അജിത് കുമാറിന്റെ റോള്‍മോഡല്‍ കൊടുംക്രിമിനലായ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിച്ചുപോകുമെന്നും അന്‍വര്‍ എം.എല്‍.എ പറഞ്ഞു. പത്തനംതിട്ട എസ്.പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധം കോഴിക്കോട്ട് വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അജിത്കുമാറിന്റെ ഭാര്യ മറ്റൊരാളുമായി സംസാരിക്കുന്ന കോള്‍ റെക്കോഡ് തന്റെ കൈവശമുണ്ടെന്നും പി.വി അന്‍വര്‍ അവകാശപ്പെട്ടു. എം.ആര്‍ അജിത് കുമാര്‍ കൊലപാതകം നടത്തിച്ചിട്ടുണ്ട്. വാദിയും പ്രതിയും നിങ്ങളുടെ മുമ്പില്‍ വരും. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടാണിത്. ദുബായില്‍ നിന്ന് വരുന്ന സ്വര്‍ണം വരുമ്പോ ഒറ്റുകാര്‍ വഴി സുജിത് ദാസിന് വിവരം കിട്ടും. കസ്റ്റംസില്‍ നല്ല ബന്ധമുണ്ട് സുജിത് ദാസിന്. നേരത്തെ കസ്റ്റംസില്‍ അയാള്‍ ഉദ്യോഗസ്ഥനായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്‌കാനിങ്ങില്‍ സ്വര്‍ണം കാണുന്നുണ്ട്. അവര്‍ അത് കണ്ടതായി നടിക്കില്ല. പകരം ഇവര്‍ പുറത്തിറങ്ങുമ്പോള്‍ പൊലീസിന് വിവരം കൈമാറും. പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടും. എന്നിട്ട് 50, 60 ശതമാനം സ്വര്‍ണം അടിച്ചുമാറ്റും

അജിത് കുമാര്‍ ഒരു പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട് സൈബര്‍ സെല്ലില്‍. എല്ലാ മന്ത്രിമാരുടേയും രാഷ്ട്രീയക്കാരുടേയും ഫോണ്‍കോള്‍ ചോര്‍ത്താനാണെന്നും പിവി അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രി പറയുന്ന കാര്യങ്ങള്‍ കൃത്യമായി ഉള്‍ക്കൊള്ളാതെ ഈ പാര്‍ട്ടിയേയും ഗവണ്‍മെന്റിനേയും ഇല്ലായ്മ ചെയ്യാന്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പാണ് എം.ആര്‍ അജിത്കുമാറിന്റെ ഒപ്പമുള്ള കേരളത്തിലെ പോലീസിലെ ഒരു വിഭാഗമെന്നും അന്‍വര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *