പാണക്കാട്: പി.വി. അന്‍വര്‍ എം.എല്‍.എ. പാണക്കാട് എത്തി സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച രാഷ്ട്രീയപരമായിരുന്നില്ല എന്ന് ഇരുവരും മാധ്യമങ്ങളോട് വ്യക്തമാക്കി. മലയോരമേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ പിന്തുണ അറിയിച്ചുവെന്നും അന്‍വര്‍ പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് അന്‍വര്‍ പാണക്കാട്ടെത്തിയത്. 12 മിനിറ്റോളം സാദിഖലി തങ്ങളുമായി അന്‍വര്‍ ചര്‍ച്ച നടത്തി. രാഷ്ട്രീയ ചര്‍ച്ചകള്‍ ഒന്നുംതന്നെ ഉണ്ടായിട്ടില്ലെന്നും പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു. ചൊവ്വാഴ്ച താന്‍ എല്ലാവരേയും കാണുന്ന ദിവസമാണ്. താന്‍ ഇവിടെ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരിക്കും അന്‍വര്‍ വന്നത്. ജയില്‍ മോചിതനായിട്ടാണ് വന്നത് എന്നു പറഞ്ഞു. മറ്റൊരു ചര്‍ച്ചയും ഉണ്ടായിട്ടില്ല.
യു.ഡി.എഫ്. പ്രവേശനം സംബന്ധിച്ച ചര്‍ച്ച നടത്താനല്ല, മലയോരജനതയുടെ കഷ്ടപ്പാട് ചര്‍ച്ച ചെയ്യാനാണെന്ന് പാണക്കാട് എത്തിയത്. യു.ഡി.എഫ്. പ്രധാന ഘടകകക്ഷി എന്ന നിലയ്ക്ക് വനഭേദഗതി ബില്ലിനെ എതിര്‍ക്കാനുള്ള പിന്തുണ തേടിയാണ് എത്തിയത്. അടുത്തതായി പ്രതിപക്ഷ നേതാവിനേയും യു.ഡി.എഫിലെ മറ്റ് നേതാക്കളേയും ഘടകകക്ഷികളേയും കാണും. ഇതേ കാര്യങ്ങളില്‍ ചര്‍ച്ച നടത്തും. രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് യു.ഡി.എഫ്. ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.

