കോഴിക്കോട്: നോര്‍ത്ത് ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് പോലീസ് ഫയല്‍ ചെയ്തിരിക്കുന്ന കേസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. അക്രമികള്‍ പോലീസിനെ നിലത്തിട്ട് ചവിട്ടിയതായും ഓഫീസിന് 35000 രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവസമയത്ത് പി.വി. അന്‍വര്‍ എം.എല്‍.എ. ഓഫീസിനുള്ളില്‍ ഇല്ലായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പ്രേരണയിലാണ് ആക്രമണം നടന്നത് എന്നാണ് ആരോപണം.
ആക്രമണം നടക്കുന്ന സമയത്ത് താന്‍ ഓഫീസിനകത്ത് ഉണ്ടായിരുന്നില്ല എന്നായിരുന്ന അന്‍വറിന്റെ പ്രതികരണം. എന്നാല്‍ ഇതിനെ തള്ളിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിട്ടുള്ളത്. 40 പേരടങ്ങുന്ന സംഘം ലഹള നടത്താന്‍ ആസൂത്രണം ചെയ്തു, അതിക്രമം നടത്തി, ഒന്നുമുതല്‍ 10 വരെയുള്ള പ്രതികളാണ് നേരിട്ട് ആക്രമണത്തില്‍ പങ്കാളികളായത്. ഇവര്‍ പോലീസിനെ നിലത്തിട്ട് ചവിട്ടുകയും സാധനസാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു.ഏകദേശം 35000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത് എന്നടക്കമുള്ള വിവരങ്ങള്‍ വിശദമാക്കിയാണ് പോലീസ് കസ്റ്റഡി അപേക്ഷ തയ്യാറാക്കിയിട്ടുള്ളത്.
