‘പൊലീസിന്റെ അഹങ്കാരമാണ് റോഡില്‍ കാണുന്നത്’ ; അബ്ദുല്‍ സത്താറിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് എംഎല്‍എ പി വി അന്‍വര്‍

കാസര്‍കോട്: കാസര്‍കോട്ട് ആത്മഹത്യചെയ്ത ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താറിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. ഓട്ടോ തൊഴിലാളികളുമായും എംഎല്‍എ കൂടിക്കാഴ്ച നടത്തി. പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് അബ്ദുള്‍ സത്താര്‍ ജീവനൊടുക്കിയത്. തുടര്‍ന്ന് എസ്ഐ അനൂപിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

സംസ്ഥാനത്തെ ഏറ്റവും മോശം ഉദ്യോഗസ്ഥരെ പറഞ്ഞുവിടുന്ന സ്ഥലമാണ് കാസര്‍കോടും മലപ്പുറവുമെന്ന് പി.വി അന്‍വര്‍ പറഞ്ഞു.സംസ്ഥാനത്ത് പൊലീസ് ഗുണ്ടായിസമാണു നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കുടുംബം പോറ്റാനുള്ള യുദ്ധത്തിലാണ് ഓട്ടോ തൊഴിലാളികളെന്നും പൊലീസിന്റെ ഏറ്റവും വലിയ ഇരകളാണ് ഇവരെന്നും പി വി അന്‍വര്‍ പറഞ്ഞു. സര്‍ക്കാര്‍ ടാര്‍ഗറ്റ് പിരിക്കാന്‍ ഗുണ്ടകളെ പോലെ പൊലീസ് ഇറങ്ങുകയാണ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത് കാണില്ല എന്നും പി വി അന്‍വര്‍ പറഞ്ഞു.

ഒരു സാധുവിന്റെ വണ്ടി പൊലീസ് പിടിച്ചിട്ടപ്പോള്‍ ഏതെങ്കിലും നേതാവ് ചോദിക്കാന്‍ പോയോ? യൂണിയന്‍ നേതാക്കള്‍ക്ക് ഉത്തരവാദിത്തം ഇല്ലേ? പിതാവിനെ കാത്തുനില്‍ക്കുന്ന കുടുംബമാണ് അനാഥമായത്. പൊലീസിന്റെ അഹങ്കാരമാണ് റോഡില്‍ കാണുന്നത്. ഇത് ചോദ്യം ചെയ്യാന്‍ കാസര്‍കോട്ടെ ജനതയ്ക്ക് കഴിഞ്ഞില്ലെന്നും അന്‍വര്‍ പറഞ്ഞു. എസ്ഐ അനൂപിനെ ഡിസ്മിസ് ചെയ്യണം. ആഭ്യന്തരമന്ത്രി അതാണ് ചെയ്യേണ്ടത്. എല്ലാം മറച്ചുവച്ച് മാന്യമായ ഭരണം നടത്തുന്നുവെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്ന് അന്‍വര്‍ ചൂണ്ടിക്കാട്ടി.

അബ്ദുള്‍ സത്താറിനെ സഹായിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. കുടുംബത്തിന് സര്‍ക്കാര്‍ വീടുവെച്ചുനല്‍കണം. കുടുംബത്തിന്റെ പേരില്‍ അ്ക്കൗണ്ട് തുടങ്ങും. അക്കൗണ്ട് വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *