കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലിലകപ്പെട്ട് മരിച്ച അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിന് ഒപ്പം നിന്ന എല്ലാവര്ക്കും നന്ദിയുണ്ടെന്ന് കുടുംബം.ഇനി മാധ്യമങ്ങളെ കാണരുതെന്ന് വിചാരിച്ചതാണ്. പക്ഷേ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ആക്രമണം നേരിടുകയാണ്. അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിനാണ് മാധ്യമങ്ങളോട് സംസാരിച്ചത്.
അര്‍ജുന്റെ മരണത്തില്‍ മനാഫ് മാര്‍ക്കറ്റിങ് നടത്തുന്നുവെന്നും അര്ജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുകയാണെന്നും കുടുംബം ആരോപിച്ചു. കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്ത് അത് മറ്റൊരു രീതിയിലേക്ക് പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടു.മനാഫ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കള്ളം പറയുകയാണെന്നും ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളാരും മനാഫിന് പണം നല്‍കരുതെന്നും തങ്ങള്‍ അത് സ്വീകരിക്കുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.
അര്ജുന് സംഭവത്തെ വൈകാരികമായി ചിലര്‍ മുതലെടുക്കാന്‍ ശ്രമിച്ചു. ഇതിന്റെ പേരില്‍ കുടുംബത്തിനെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. അര്ജുന് 75,000 രൂപ ശമ്പളമുണ്ടെന്നും മറ്റുമാണ് ഒരു വ്യക്തി പ്രചരിപ്പിക്കുന്നത്. കുടുംബത്തിന് ഇത് തികയുന്നില്ല എന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടാക്കുന്നു. ഇത് വാസ്തവ വിരുദ്ധമാണ്. ഇതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്.
അര്ജുന് ഭാര്യ കൃഷ്ണപ്രിയയ്ക്കും മകനും ജീവിക്കേണ്ട സാഹചര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും ഏത് ഘട്ടത്തിലും ഒരുമിച്ച് മുന്നേറുമെന്നും ജിതിന് പറഞ്ഞു. ഈ വൈകാരികത ചൂഷണം ചെയ്യുന്നതില്‍ നിന്ന് മനാഫ് പിന്മാറണമെന്നും കുടുംബം ആവശ്യപ്പെട്ടു. അയനെ നാലാമത്തെ കുട്ടിയായി വളര്‍ത്തുമെന്ന അദ്ദേഹത്തിന്റെ പ്രതികരണം കൃഷ്ണപ്രിയയെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും അങ്ങനൊരു ആവശ്യം തങ്ങള്‍ മുന്നോട്ട് വെച്ചില്ലെന്നും ജിതിന് കൂട്ടിച്ചേര്‍ത്തു.
മനാഫും മാല്‍പ്പെയും ചേര്‍ന്നൊരു നാടകപരമ്പരയാണ് അവിടെ നടന്നത്. അന്നൊന്നും ഇക്കാര്യം പറഞ്ഞ് കൂടുതല്‍ വിവാദത്തിലേക്ക് കടക്കാന്‍ താത്പര്യമില്ലായിരുന്നു. ഇതെല്ലാം ഞങ്ങളെക്കൊണ്ട് ഇപ്പോള്‍ പറയിപ്പിച്ചതാണെന്നും ജിതിന് വ്യക്തമാക്കി.ഈശ്വര്‍ മാല്‍പെയെ കൊണ്ടുവന്നത് മനാഫാണ്. മനാഫും മാല്‍പെയും ചേര്‍ന്ന് ഷിരൂരില്‍ ഡ്രഡ്ജര്‍വെച്ച് നാടകപരമ്പര തന്നെ നടത്തി. അത് അവിടെയുള്ള മാധ്യമങ്ങള്‍ക്കെല്ലാം അറിയാം. ആദ്യത്തെ രണ്ട് ദിവസവും ഡ്രഡ്ജറിന്റെ പ്രവര്‍ത്തനങ്ങള്‍ മാല്‍പെയെ കേന്ദ്രീകരിച്ചാണ് മുന്നോട്ടുനീങ്ങിയത്. അതിനാല്‍ ആ രണ്ട് ദിവസവും നമുക്ക് നഷ്ടമായി. അക്കാര്യം അവിടത്തെ എസ്.പിക്കും എം.എല്‍.എയ്ക്കും മനസ്സിലായി. അവര്‍ അത് ഞങ്ങളുമായി ചര്‍ച്ചചെയ്തു.
രണ്ടാംഘട്ടം കഴിഞ്ഞപ്പോള്‍ മനാഫ് യൂട്യൂബ് ചാനലുണ്ടാക്കി. അര്‍ജുന്റെയും കുടുംബത്തിന്റെയും പേരുപറഞ്ഞുള്ള പ്രചാരണം നിര്‍ത്തണം. ഇല്ലെങ്കില്‍ മനാഫിനെതിരെ നിയമനടപടി സ്വീകരിക്കും. സഹായിച്ചില്ലെങ്കിലും കുത്തിനോവിക്കരുത്. പൊതുസമൂഹത്തിനു മുന്നില്‍ കുടുംബത്തെ പരിഹാസ്യരാക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു.
