ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുന് വേണ്ടി തിരച്ചില്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഇന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപ മുഖ്യമന്ത്രിയേയും കാണും.
മഴക്കും ഗംഗാവാലി പുഴയിലെ ഒഴുക്കിനും കുറവുള്ളതിനാല്‍ തിരച്ചിലിന് കൂടുതല്‍ അനുകൂലമായ സാഹചര്യമാണമെന്ന് ചൂണ്ടിക്കാണിച്ചാണ് കര്‍ണാടക സര്‍ക്കാറിനെ സമീപിക്കുന്നത്. എം.കെ.രാഘവന്‍ എം.പി, മഞ്ചേശ്വരം എം.എല്‍.എ എം.കെ.എം അഷ്‌റഫ് എന്നിവര്‍ക്ക് ഒപ്പമാണ് ബന്ധുക്കള്‍ മുഖ്യമന്ത്രിയുടെ ബംഗളൂരുവിലിലെ വസതിയിലെത്തുക.
തിരച്ചിലിന് ഡ്രഡ്ജര്‍ ഉള്‍പ്പെടെയുള്ളവ എത്തിക്കാനുള്ള നിര്‍ദേശം നേരത്തെ മുന്നോട്ടുവെച്ചിരുന്നു. ഒരു കോടിയോളം രൂപ ചിലവ് വരുമെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കിയിരുന്നതാണ്. ഇക്കാര്യവും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയേക്കും.
