വയനാട്: ചുണ്ടേലില്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവറായ ചുണ്ടേല്‍ കാപ്പംകുന്ന് കുന്നത്ത്പീടിയേക്കല്‍ അബ്ദുല്‍ നവാസ്(44) മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമെന്ന് കണ്ടെത്തല്‍. സംഭവത്തില്‍ ജീപ്പ് ഓടിച്ചിരുന്ന സുമില്‍ ഷാദിനെയും ഇയാളുടെ സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. സുമില്‍ ഷാദിന് നവാസിനോടുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ വൈത്തിരി പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന സംശയം ബലപ്പെട്ടത്. പുത്തൂര്‍ വയല്‍ സ്വദേശികളും സഹോദരങ്ങളുമായ സുബിന്‍ ഷാദ്, അജിന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
തിങ്കളാഴ്ച രാവിലെ എട്ടരയോടെ അമ്മാറ-ആനോത്ത് റോഡില്‍ ചുണ്ടേല്‍ എസ്റ്റേറ്റ് ഫാക്ടറിക്കുസമീപമായിരുന്നു നവാസിന്റെ മരണത്തിനിടയാക്കിയ അപകടം. ചുണ്ടേല്‍ എസ്റ്റേറ്റ് ഭാഗത്തേക്കുപോവുകയായിരുന്ന നവാസ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും എതിരേവരികയായിരുന്ന ഥാര്‍ ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു.

