ഡല്‍ഹി: ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ)നാല് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ഗുസ്തി താരം ബജ്രംഗ് പുനിയ. ഗുസ്തി ഫെഡറേഷന് മുന്‍ ചെയര്മാന് ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങിനെതിരെ സമരം ചെയ്തതിന് കേന്ദ്രസര്‍ക്കാര്‍ പകപോക്കുകയാണെന്ന് ബജ്രംഗ് പറഞ്ഞു. സര്‍ക്കാര്‍ തങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ തന്റെ വിലക്ക് പിന്‍വലിക്കുമെന്നും താരം പറഞ്ഞു.
‘വ്യക്തിവൈരാഗ്യത്തിന്റെയും എനിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെയും ഫലമാണ് ഈ നാല് വര്‍ഷത്തെ വിലക്ക്. വനിതാ ഗുസ്തി താരങ്ങളെ പിന്തുണച്ച് ഞങ്ങള്‍ നേതൃത്വം നല്കിയ പോരാട്ടത്തോടുള്ള പ്രതികാരമായാണ് ഈ നടപടി. ആ പോരാട്ടത്തില്‍ ഞങ്ങള്‍ അനീതിക്കും ചൂഷണത്തിനുമെതിരെയാണ് ശബ്ദമുയര്‍ത്തിയത്.
കഴിഞ്ഞ 10-12 വര്‍ഷമായി ഗുസ്തി മത്സര രംഗത്തുള്ളയാളാണ് ഞാന്‍. എല്ലാ ടൂര്‍ണമെന്റിനും മുന്നോടിയായി ഉത്തേജക മരുന്ന് പരിശോധനക്കായി സാമ്പിള്‍ നല്‍കാറുണ്ട്. എന്നാല്‍ ഞങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാറിനുള്ളത്. ബിജെപി സര്‍ക്കാരും ഫെഡറേഷനും ചേര്‍ന്ന് എന്നെ കുടുക്കാനും എന്റെ കരിയര്‍ തകര്‍ക്കാനും ഗൂഢാലോചന നടത്തി. ഈ തീരുമാനം ന്യായമല്ല, മറിച്ച് എന്നെയും എന്നെപ്പോലുള്ള മറ്റ് കായികതാരങ്ങളെയും നിശബ്ദരാക്കാനുള്ള ശ്രമമാണ്.’ ഞങ്ങള്‍ അവര്‍ക്കു മുന്നില്‍ താണുവണങ്ങി നില്‍ക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ എന്റെ എല്ലാ വിലക്കുകളും അവര്‍ പിന്‍വലിക്കും” -ബജ്റംഗ് പുനിയ എക്സില്‍ കുറിച്ചു.

