ബംഗളുരുവില്‍ യുവതിയുടെ മരണം; ദുരൂഹതയെന്ന് കുടുംബം

കൂത്തുപറമ്പ്: ബെംഗളൂരുവില്‍ ഐ.ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂത്തുപറമ്പ് സ്വദേശിനിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. കൂത്തുപറമ്പ് മൂര്യാട് അടിയറപ്പാറയിലെ സ്നേഹാലയത്തില്‍ എസ് സ്നേഹ(35)യെ കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്‌നേഹ മരിച്ച വിവരം തിങ്കളാഴ്ചയാണ് ഭര്‍ത്താവ് പത്തനംതിട്ട സ്വദേശിയായ ഹരി എസ്.പിള്ള സ്‌നേഹയുടെ വീട്ടുകാരെ വിളിച്ച് അറിയിക്കുന്നത്. പ്രത്യേകിച്ച് അസുഖങ്ങളൊന്നും സ്‌നേഹയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ സര്‍ജാപുര്‍ പോലീസ് കേസെടുത്തു.

വര്‍ഷങ്ങളായി ബെംഗളൂരൂവിലാണ് സ്‌നേഹ താമസിക്കുന്നത്. ഭര്‍ത്താവ് ഹരിയും ഐ.ടി. മേഖലയിലാണ് ജോലിചെയ്യുന്നത്. മകന്‍ ശിവാങ്ങും ഇവര്‍ക്കൊപ്പമുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ അമിതമായ ഛര്‍ദീയെ തുടര്‍ന്ന് സ്‌നേഹയെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്നും തുടര്‍ന്ന് മരണപ്പെട്ടെന്നും പറഞ്ഞ് ഹരി സ്‌നേഹയുടെ ബന്ധുക്കളെ ഫോണില്‍ വിളിക്കുകയായിരുന്നു. എന്നാല്‍, മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ സര്‍ജാപുര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സ്‌നേഹയും ഹരിയും തമ്മില്‍ ഇടയ്ക്കിടെ വാക്തര്‍ക്കമുണ്ടാവാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. കുടുംബാംഗങ്ങള്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *