എ.ഡി.ജി.പി. ,ആര്‍.എസ്.എസ് കൂടിക്കാഴ്ച;സി.പി.ഐ നിലപാട് നിലപാട് തന്നെയാണ്, അതില്‍ മാറ്റമില്ല; ബിനോയ് വിശ്വം

തിരുവനന്തപുരം: എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തില്‍ സി.പി.ഐ. നിലപാടില്‍ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എ.ഡി.ജി.പി എന്തിന് വേണ്ടി വീണ്ടും വീണ്ടും ആര്‍.എസ്.എസ് നേതാക്കളെ നടന്നുകാണുന്നു എന്നതാണ് വിഷയം. കേരളത്തിലെ ക്രമസമാധാനചുമതലയുള്ള എ.ഡി.ജി.പി. ആര്‍.എസ്.എസിന്റെ മേധാവികളുമായിട്ട് നടത്തുന്ന ഇത്തരം കൂടിക്കാഴ്ചകള്‍ക്ക് എന്ത് അടിസ്ഥാനമാണുള്ളതെന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. ആ ചോദ്യം ശരിയാണ്. നിലപാട് നിലപാട് തന്നെയാണ്, അതില്‍ മാറ്റമില്ലെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണറിപ്പോര്‍ട്ട് വരട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ അത് മാനിക്കാനുള്ള രാഷ്ട്രീയബോധം ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുണ്ട്. എന്നുകരുതി അനന്തമായി നീണ്ടുപോകണമെന്നല്ല. മുന്നണിക്ക് വേണ്ടി സി.പി.ഐ.ക്ക് പറയാനുള്ളത് പറഞ്ഞുകഴിഞ്ഞു. സി.പി.ഐ.യുടെ കാര്യമല്ലാതെ മറ്റൊന്നും തനിക്ക് പറയാനില്ല. അത് വീണ്ടും ആവര്‍ത്തിക്കേണ്ടകാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച എംഎം ഹസനോടും രൂക്ഷമായ പ്രതികരണമാണ് ബിനോയ് വിശ്വം നടത്തി. എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ കരുത്തുറ്റ ഭാഗമാണ് സിപിഐ. ആരെങ്കിലും മാടിവിളിച്ചാല്‍ പോകേണ്ടവരല്ല സിപിഐ എന്ന് ഹസനും കൂട്ടരും മനസിലാക്കണം. ഹസന്‍ യുഡിഎഫിലെ കാര്യങ്ങള്‍ നോക്കിയാല്‍ മതി. മറ്റ് കാര്യങ്ങളില്‍ തലപുണ്ണാക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *