കൊടകര കള്ളപ്പണക്കേസ്: ‘അന്ന് നല്‍കിയത് നേതാക്കള്‍ പറഞ്ഞു തന്ന മൊഴി ; സതീഷ് തിരൂര്‍

തൃശൂര്‍: കൊടകര കള്ളപ്പണ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ബി.ജെ.പി തൃശൂര്‍ മുന്‍ ഓഫിസ് സെക്രട്ടറി സതീഷ് തിരൂര്‍. കൊടകര കള്ളപ്പണക്കേസില്‍ പൊലീസിന് നല്‍കിയത് നേതാക്കള്‍ പറഞ്ഞു തന്ന മൊഴിയാണ്. ജില്ലാ ഓഫിസില്‍ ചുമതലയുണ്ടായപ്പോള്‍ നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് അന്ന് പൊലീസില്‍ മൊഴി നല്‍കിയതെന്നും ഇനി യാഥാര്‍ത്ഥ്യം തുറന്നു പറയുമെന്നും അദ്ദേഹം പറഞ്ഞു.

തന്നെക്കുറിച്ച് നേതൃത്വം പറഞ്ഞ കാര്യങ്ങള്‍ കളവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പണം കൊണ്ടുവന്ന സമയത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ജില്ലാ പ്രസിഡന്റ് അനീഷ് കുമാറും ഓഫിസിലുണ്ടായിരുന്നില്ലെന്നും സതീഷ് പറഞ്ഞു.

ഞാനുന്നയിച്ച കാര്യം പാര്‍ട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പ് സമയത്ത് പണം ഓഫീസില്‍ വന്നുവെന്നാണ്. അതിനാണ് മറുപടി നല്‍കേണ്ടത്. പണം കൊണ്ടുവന്ന സമയത്ത് അനീഷ് അവിടെയുണ്ടായെന്ന് പറഞ്ഞിട്ടില്ല. കേസിലെ മുഖ്യപ്രതി ധര്‍മരാജന്‍ ഓഫിസില്‍ വരുമ്പോള്‍ സംസ്ഥാന അധ്യക്ഷനും ജില്ലാ അധ്യക്ഷനുമുണ്ടായിരുന്നു. പണം വരുന്നതിന് രണ്ടാഴ്ച മുമ്പാണ് ധര്‍മരാജന്‍ ഓഫീസിലെത്തിയതെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു. ഒറ്റത്തവണയായി പ്ലാസ്റ്റിക്കിന്റെ ആറ് ചാക്കുകെട്ടുകളാണ് വന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

തന്നെ ആരും ബിജെപിയില്‍ നിന്ന് പുറത്താക്കിയതല്ലെന്നും തനിയെ ഇറങ്ങിയതാണെന്നും സതീഷ് പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് സതീഷിനെ നടപടിയെടുത്ത് പുറത്താക്കിയതാണെന്ന് അനീഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു സതീഷ്

Leave a Reply

Your email address will not be published. Required fields are marked *