കൊച്ചി: നടിക്കെതിരെയുള്ള ലൈംഗീക അധിക്ഷേപ കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹരജി അടിയന്തരമായി പരിഗണിക്കേണ്ട സാഹാചര്യമില്ലെന്ന് കേരള ഹൈക്കോടതി. അടിയന്തരമായി ഹരജി പരിഗണിക്കേണ്ടതിന്റെ എന്ത് സാഹചര്യമാണ് നിലവിലുള്ളതെന്ന് കോടതി ചോദിച്ചു. അതോടെ ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തന്നെ കഴിയണം.
അല്പസമയം മുമ്പായിരുന്നു ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചിന് മുന്നില്‍ ഈ ജാമ്യ ഹരജി എത്തിയത്. ജാമ്യാപേക്ഷ വേഗത്തില്‍ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി എത്തിയത്. മജിസ്ട്രേറ്റ് കോടതിയില്‍ തങ്ങള്‍ ഹാജരാക്കിയ തെളിവുകള്‍ പരിശോധിക്കാന്‍ തയാറായിട്ടില്ല, ഇത് കള്ള പ്രചാരണം മാത്രമാണ് അതിനാല്‍ തനിക്ക് ജാമ്യം നല്‍കണമെന്നായിരുന്നു ബോബി ആവശ്യപ്പെട്ടത്.
എന്നാല്‍ പൊതു സ്ഥലങ്ങളില്‍ സംസാരിക്കുമ്പോള്‍ ഇത്തരം ഭാഷയാണോ ഉപയോഗിക്കേണ്ടതെന്ന് കോടതി തിരിച്ച് ചോദിച്ചു. അതിന് മറുപടിയായി സമാന പരാമര്‍ശങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ ഉറപ്പു നല്‍കാമെന്ന് അഭിഭാഷകന് കോടതിയെ അറിയിച്ചു. മറുപടി പറയാന്‍ സര്‍ക്കാരിന് സമയം നല്കിയ കോടതി ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.

