കൊച്ചി: നടി ഹണി റോസിനെതിരായ അശ്ലീല അധിക്ഷേപ പരാമര്‍ശ കേസില്‍ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ് പുറത്തിറങ്ങി. 50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ് വ്യവസ്ഥ.
ബോഡി ഷെയ്മിങ് സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണം. വ്യവസ്ഥകള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും അല്ലാത്തപക്ഷം ജാമ്യം റദ്ദുചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു.
ഹര്‍ജി വായിക്കുമ്പോള്‍ത്തന്നെ ബോബി ചെമ്മണൂര്‍ ഹണി റോസിനെതിരെ നടത്തിയ ചില പ്രയോഗങ്ങളില്‍ കോടതി അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്ന് ഈ പരാമര്‍ശങ്ങളെല്ലാം പിന്‍വലിക്കുകയാണെന്ന് ബോബിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിള്ള കോടതിയെ അറിയിച്ചു.
ഇന്ന് കേസ് പരിഗണിക്കവെ ജാമ്യം അനുവദിക്കാമെന്ന് ഹൈകോടതി വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു. പൊലീസിന് കസ്റ്റഡി ആവശ്യമില്ലെന്നും കോടതിയില്‍ നിന്നും ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ബോബി ചെമ്മണ്ണൂര്‍ ചെയ്തതെന്നും വിലയിരുത്തിയാണ് ഹൈകോടതിയുടെ നടപടി.