പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗം;ബോംബെ ഹൈക്കോടതി

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗത്തിന്റെ പിരധിയില്‍ വരുമെന്ന് ബോംബെ ഹൈക്കോടതി. ഭാര്യയുടെ ബലാത്സംഗ പരാതിയില്‍ യുവാവിന് 10 വര്‍ഷം തടവ് വിധിച്ച് നാഗ്പുര്‍ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.

18 വയസിന് താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് അവള്‍ വിവാഹിതയാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ബലാത്സംഗമാണെന്ന് പ്രസ്താവിക്കേണ്ടതുണ്ടെന്ന് ജസ്റ്റിന് ജി.എ സനപ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കേസില്‍ വാദം നടക്കുമ്പോള്‍ യുവതിക്ക് 18 വയസ് പൂര്‍ത്തിയായിട്ടുണ്ടെന്നും എന്നാല്‍ നിര്‍ബന്ധപൂര്‍വമുള്ള ലൈംഗീകബന്ധം ബലാത്സംഗത്തിന് തുല്യമാണെന്നും കോടതി പറഞ്ഞു. തുടര്‍ന്ന് കീഴ്ക്കോടതി വിധിച്ച ശിക്ഷയും പ്രതിക്ക് 10 വര്‍ഷത്തെ കഠിന തടവും ബെഞ്ച് ശരിവച്ചു.

പരാതിക്കാരിയായ പെണ്‍കുട്ടിയെ യുവാവ് നിര്‍ബന്ധിത ലൈംഗികബന്ധത്തിന് ഇരയാക്കിയെന്നതാണ് കേസ്. പീഡനം നടക്കുമ്പോള്‍ യുവതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. എന്നാല്‍ ഈ ബന്ധത്തില്‍ യുവതി ഗര്‍ഭിണിയാകുകയും യുവാവ് പിന്നീട് പരാതിക്കാരിയെ വിവാഹം ചെയ്യുകയുമായിരുന്നു. എന്നാല്‍ ദാമ്പത്യബന്ധം വഷളായതോടെ യുവതി ഇയാള്‍ക്കെതിരേ പരാതി നല്‍ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *