മുംബൈ: ഉച്ചഭാഷിണി ഉപയോഗം ഒരു മതത്തിന്റെയും അവിഭാജ്യ ഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി. ശബ്ദമലിനീകരണ മാനദണ്ഡങ്ങളും നിയമങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ശബ്ദമലിനീകരണം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു.
മതം നോക്കാതെ ഡെസിബെല്‍ ലെവല്‍ നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് ജസ്റ്റിസുമാരായ എ എസ് ഗഡ്കരി, എസ് സി ചന്ദക് എന്നിവരുടെ ബെഞ്ച് മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ഉച്ചത്തിലുള്ള ശബ്ദം അപകടമാണെന്നും അത്തരം ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ അനുമതി നിഷേധിച്ചാല്‍ അവകാശങ്ങളെ നിഷേധിച്ചുവെന്ന് ആര്‍ക്കും അവകാശപ്പെടാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. എല്ലാത്തരം ശബ്ദ മലിനീകരണത്തിനെതിരെ നടപടിയെടുക്കാന്‍ പൊലീസിന് അധികാരമുണ്ടെന്നും കോടതി.
കുര്‍ളയിലെ ചുനഭട്ടിയിലും നെഹ്റു നഗറിലും നിരവധി മസ്ജിദുകളും മദ്രസകളുമുണ്ടെന്നും അവ ലൗഡ് സ്പീക്കറുകളും ആംപ്ലിഫയറുകളും സ്ഥാപിച്ചിട്ടുണ്ടെന്നും അവയില്‍ നിന്നുള്ള ശബ്ദം അസഹനീയമാണെന്നും ജാഗോ നെഹ്റു നഗര്‍ റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.