ഡല്‍ഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. ഇരുസഭകളെയും അഭിസംബോധനചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗം പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ലോക്‌സഭാ ഹാളില്‍ നടക്കും. തുടര്‍ന്ന്, രാജ്യത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തികസര്‍വേ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്‌സഭയില്‍ വെക്കും. സമ്പൂര്‍ണബജറ്റ് ശനിയാഴ്ച അവതരിപ്പിക്കും.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13-ന് അവസാനിക്കും. വഖഫ് ഭേദഗതി, ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് തുടങ്ങിയ 62 ബില്ലുകളാണ് ഇക്കുറി ഇരുസഭകളിലുമായി പരിഗണനയിലുള്ളത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം ഇരുസഭകളും ചര്‍ച്ചചെയ്ത് പാസാക്കും.