കണ്ണൂര്‍: കേളകത്ത് നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മരണം. കായംകുളം മുതുകുളം സ്വദേശി അഞ്ജലി(32), കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെസി മോഹന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കുണ്ട്.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടാകുന്നത്. കടന്നപ്പള്ളിയിലെ നാടകം കഴിഞ്ഞ് ബത്തേരിയിലേക്ക് പോവുകയായിരുന്നു സംഘം. നെടുംപൊയില്‍ വാടി റോഡില്‍ പേര്യ ചുരത്തില്‍ എത്തിയപ്പോള്‍ വഴി ബ്ലോക്കാണെന്ന് അറിഞ്ഞ് കൊട്ടിയൂര്‍ ബോയ്സ് ടൗണ്‍ റോഡിലേക്ക് പോകുന്നതിനാണ് എളുപ്പവഴിയിലൂടെ സംഘം കേളകത്തേക്ക് പോയത്. ഒരു കിലോമീറ്ററോളമുള്ള കുത്തനെയുള്ള ഇറക്കം ഇറങ്ങി മലയാം പടിയിലെത്തിയ ശേഷം ചെറിയ ഇറക്കത്തിലെ വളവില്‍ എത്തിയപ്പോള്‍ ആണ് അപകടം. വാഹനത്തിന്റെ മുന്‍ സീറ്റില്‍ ഇരുന്നവരാണ് മരിച്ചത്.
പരിക്കേറ്റവരെ കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

