തിരുവനന്തപുരം: കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കും. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസും മത്സരിക്കും.
നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പുറത്ത് വന്നിരുന്നു. നവംബര്‍ 13നാണ് കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 23ന് വോട്ടെണ്ണല്‍ നടക്കും.
സിപിഐയുടെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെയോടെ ഉണ്ടാകും. സിപിഐ വനിത സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുകയാണെങ്കില്‍ കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറിയും മുന്‍ പീരുമേട് എംഎല്‍എയും ആയ ഇ എസ് ബിജിമോള്‍ക്കാകും സാധ്യത. സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബുവിന്റെ പേരും പരിഗണനയിലുണ്ട്.
ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലും അവ്യക്തത തുടരുകയാണ്. വനിത സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ശോഭാ സുരേന്ദ്രന്റെ പേരും ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യംവെച്ച് എ പി അബ്ദുള്ള കുട്ടിയുടെ പേരും ഒപ്പം എം ടി രമേശിന്റെ പേരുമാണ് നിലവില്‍ സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് അയച്ചിരിക്കുന്നത്.

