ഡല്‍ഹി: രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില കുറയും.കാന്‍സര്‍ മരുന്നുകള്‍ക്കുള്ള ജി.എസ്.ടി നിരക്ക് 12ല്‍ നിന്ന് 5 ശതമാനമാക്കി കുറയ്ക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഉപ്പും എരിവും ചേര്‍ത്ത ഭക്ഷ്യവസ്തുക്കളുടെ ജി.എസ്.ടി 18ല്‍ നിന്ന് 12 ശതമാനമാക്കാനും തീരുമാനമായി.
അതേസമയം, ആരോഗ്യ ഇന്‍ഷുറന്‍സ് നിരക്ക് കുറയ്ക്കുന്നത് പഠിക്കാന്‍ മന്ത്രിമാരുടെ സംഘത്തെ ചുമതലപ്പെടുത്തി. 2026 മാര്‍ച്ചില്‍ അവസാനിക്കുന്ന കോംപന്‍സേഷന്‍ സെസ് വിഷയത്തില്‍ എടുക്കേണ്ട തീരുമാനവും മന്ത്രിതലസമിതി പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയശേഷം തീരുമാനിക്കും.
ഷെയറിങ് അടിസ്ഥാനത്തില്‍ തീര്‍ഥാടനത്തിനും ടൂറിസത്തിനും ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകള്‍ക്കുള്ള ജി.എസ്.ടി നിലവിലെ 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കാനും തീരുമാനിച്ചു. ചാര്‍ട്ടേഡ് ഹെലികോപ്റ്റര്‍ സേവനങ്ങള്‍ക്ക് 18% ജി.എസ്.ടി ഈടാക്കും.സര്‍വകലാശാലകള്‍ക്ക് ഗവേഷണവികസന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന ഗ്രാന്റിനെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കും.
