രാജ്യത്ത് സെന്‍സസ് നടപടികള്‍ അടുത്ത വര്‍ഷം ആരംഭിക്കും

ഡല്‍ഹി: രാജ്യത്തെ ജനസംഖ്യ ഔദ്യോഗികമായി നിര്‍ണയിക്കാനുള്ള സെന്‍സസ് അടുത്തവര്‍ഷം ആരംഭിച്ചേക്കും. 2021-ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസാണ് നാല് വര്‍ഷം വൈകി ആരംഭിക്കുന്നത്. കണക്കെടുപ്പ് 2026-ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.വിവരശേഖരണത്തിനായി കേന്ദ്രസര്‍ക്കാര്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

2021ല്‍ നടക്കേണ്ടിയിരുന്ന ജനസംഖ്യാ കണക്കെടുപ്പ് കോവിഡ് അടക്കമുള്ള പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ നീണ്ടുപോയതായാണ് കേന്ദ്രം നേരത്തെ വിശദീകരിച്ചത്. സെന്‍സസ് റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് ലോക്‌സഭ മണ്ഡല പുനര്‍നിര്‍ണയം ഉള്‍പ്പെടെയുള്ള നടപടികളിലേക്കും കേന്ദ്രം കടക്കും. 2028ഓടെ മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓരോ പത്ത് വര്‍ഷത്തിലുമാണ് രാജ്യത്തെ ഔദ്യോഗിക ജനസംഖ്യാ കണക്കെടുപ്പായ സെന്‍സസ് നടത്തുക. ഇന്ത്യയില്‍ 2011-ലാണ് അവസാനമായി സെന്‍സസ് നടന്നത്. 121 കോടിയിലേറെയാണ് അന്ന് രേഖപ്പെടുത്തിയ ജനസംഖ്യ. മുന്‍പത്തേക്കാള്‍ 17.7 ശതമാനത്തിന്റെ വര്‍ധനവായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *