പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമര പോലീസ് പിടിയില്‍. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന ചെന്താമരയെ പോത്തുണ്ടി മേഖലയില്‍നിന്നാണ് പിടികൂടിയത്.
ചെന്താമരയ്ക്ക് വേണ്ടി വ്യാപകമായ തിരച്ചിലാണ് നടത്തിയിരുന്നത്. ഒടുവില്‍ രാത്രിയോടെ തിരച്ചില്‍ നിര്‍ത്തി പോകാന്‍ ശ്രമിക്കുന്നതിനിടെ ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. വിശന്നുവലഞ്ഞ ചെന്താമര ഭക്ഷണം കഴിക്കാന്‍ സ്വന്തം വീടിന് സമീപത്തേക്ക് വരുമ്പോഴായിരുന്നു പോലീസിന്റെ വലയിലായത്. പിടിയിലായ സമയത്ത് ഇയാള്‍ അവശനിലയിലായിരുന്നു. സ്റ്റേഷനില്‍ എത്തിയയുടന്‍ തനിക്ക് വിശക്കുന്നുണ്ടെന്നും ഭക്ഷണം വേണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. തുടര്‍ന്ന്, ഭക്ഷണമെത്തിച്ചുനല്‍കുകയും ചെയ്തു.
പ്രതി പിടിയിലായതറിഞ്ഞ് നെന്മാറ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി വലിയ ജനക്കൂട്ടവും തടിച്ചുകൂടി. ചെന്താമരയെ വിട്ടുകിട്ടണമെന്ന ആവശ്യത്തിലായിരുന്നു ജനക്കൂട്ടം. ഉന്തിലും തള്ളിലും സ്റ്റേഷന്റെ ഗേറ്റ് തകര്‍ന്നു. പ്രതിഷേധം അക്രമാസക്തമായതോടെ ഇവരെ പിരിച്ചുവിടാന്‍ പോലീസിന് ലാത്തിവീശേണ്ടിയും വന്നു.