ആലപ്പുഴ: ചേര്‍ത്തലയിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിനെ കൊന്നത് അമ്മ ആശയുടെ ആണ്‍ സുഹൃത്ത് രതീഷാണെന്ന് പൊലീസ് കണ്ടെത്തി.വീട്ടില്‍ എത്തിച്ച ശേഷം രതീഷ് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.
പ്രസവസമയത്ത് ആശക്കൊപ്പം ആശുപത്രിയില്‍ നിന്നത് രതീഷ് ആയിരുന്നു. ഭര്‍ത്താവ് എന്ന പേരിലാണ് ആശയ്‌ക്കൊപ്പം നിന്നത്. ഓഗസ്റ്റ് 31 നാണ് ഇരുവരും ആശുപത്രി വിടുന്നത്. ആശയാണ് കുഞ്ഞിനെ ബിഗ്‌ഷോപ്പറിലാക്കി രതീഷിന് കൈമാറിയത്. ആശുപത്രിയില്‍ നിന്നെത്തിയ ദിവസം തന്നെയാണ് കൊലപാതകം നടത്തിയത്. എന്നാല്‍ കുഞ്ഞിനെ അനാഥാലയത്തില്‍ നല്‍കുമെന്ന് രതീഷ് പറഞ്ഞതായാണ് ആശയുടെ മൊഴി.
കുഞ്ഞിന്റെ മൃതദേഹം യുവതിയുടെ ആണ്‍ സുഹൃത്തിന്റെ വീട്ടിലെ ശുചിമുറിയില്‍ നിന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. ശുചിമുറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കുഞ്ഞിനെ ആദ്യം കൊലപ്പെടുത്തിയശേഷം കുഴിച്ചിടുകയായിരുന്നു. പിടിക്കപ്പെടുമെന്ന് മനസിലായതോടെയാണ് പുറത്തെടുത്ത് ശുചിമുറിയില്‍ ഒളിപ്പിച്ചത്. തുടര്‍ന്ന് മറ്റൊരിടത്തേക്ക് മാറ്റാനോ കത്തിച്ചു കളയാനോ ആയിരുന്നു നീക്കമെന്നും പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയോടെയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചയോടെയാണ് ആലപ്പുഴ പള്ളിപ്പുറം സ്വദേശി ആശയുടെ കുഞ്ഞിനെ കാണാതായ വിവരം വാര്‍ഡ് മെമ്പര്‍ പൊലീസിനെ അറിയിക്കുന്നത്. പൊലീസെത്തി ചോദ്യം ചെയ്തതില്‍ കുട്ടിയെ വളര്‍ത്താന്‍ മറ്റൊരാള്‍ക്ക് നല്‍കി എന്നാണ് യുവതി പറഞ്ഞത്. പിന്നീട് യുവതിയേയും ആണ്‍ സുഹൃത്തായ രതീഷിനേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിലാണ് കൊലപാതക വിവരം ലഭിച്ചത്.
