ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ; കോണ്‍ഗ്രസ് വിമതര്‍ക്ക് ജയം

കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് ഭരണം കോണ്‍ഗ്രസ് വിമത വിഭാഗത്തിന്. സിപിഐഎം പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് വിമതര്‍ ഏഴ് സീറ്റുകളില്‍ വിജയിച്ചു. സിപിഐഎം നാല് സീറ്റുകളിലും വിജയിച്ചു.

61 വര്‍ഷമായി കോണ്‍ഗ്രസിനായിരുന്നു ചേവായൂര്‍ സഹകരണ ബാങ്കിന്റെ ഭരണം. ഇതാണ് സിപിഐഎമ്മിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് വിമതര്‍ പിടിച്ചെടുത്തത്.

ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരിലാണ് പാനല്‍ മത്സരിച്ചത്. ജി.സി. പ്രശാന്തിനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് ജില്ല നേതൃത്വം നിര്‍ദേശിച്ച പാനലും കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെട്ട ബാങ്കിന്റെ നിലവിലെ ചെയര്‍മാന്‍ പ്രശാന്ത് കുമാര്‍ നേതൃത്വം നല്‍കുന്ന പാനലും തമ്മിലായിരുന്നു പ്രധാന പോരാട്ടം. ഇരുപക്ഷത്തെയും 11 പേര്‍ വീതം 22 ഉം എട്ട് ബി.ജെ.പി പ്രതിനിധികളും ഒരു സ്വതന്ത്രനുമടക്കം 11 അംഗ ഭരണ സമിതിയിലേക്ക് ആകെ 31 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. 36,000ത്തോളം വോട്ടര്‍മാരില്‍ 9000ത്തില്‍ താഴെ അംഗങ്ങളാണ് വോട്ടുചെയ്തത്.

ശനിയാഴ്ച രാവിലെ എട്ടുമുതല്‍ വൈകീട്ട് നാലുവരെ പറയഞ്ചേരി ഗവ. ബോയ്‌സ് ഹൈസ്‌കൂളിലായിരുന്നു വോട്ടെടുപ്പ്. രാവിലെതന്നെ വോട്ടുചെയ്യാന്‍ വലിയതോതില്‍ ആളുകള്‍ എത്തിയെങ്കിലും പത്തുമണിയോടെ ഇരുപക്ഷവും കള്ളവോട്ട് ആരോപണം ഉയര്‍ത്തി പ്രതിഷേധവും സംഘര്‍ഷവും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *