മലപ്പുറം : ബലാത്സംഗ ആരോപണത്തില്‍ പ്രതികരണവുമായി പൊന്നാനി മുന്‍ സിഐ വിനോദ് വലിയാറ്റൂര്‍. ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് വിനോദ് മാധ്യമങ്ങളോട് പ്രതികരിച്ചു.താന്‍ നിരപരാധിയാണെന്നും പണം തട്ടാനുള്ള പരാതിക്കാരിയുടെ ശ്രമം പൊളിഞ്ഞതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് തനിക്കെതിരെ നീങ്ങിയതെന്നും സി.ഐ വിനോദ് പറഞ്ഞു. ആരോപണം ഉന്നയിച്ച സ്ത്രീ പലര്‍ക്കെതിരെയും ഇത്തരത്തില്‍ നിരവധി പരാതി ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘യുവതി സ്ഥിരം പരാതിക്കാരിയാണ്. പണം തട്ടാനുള്ള സ്ത്രീയുടെ നീക്കം തടഞ്ഞതാണ് തന്നോട് ഉള്ള വൈരാഗ്യത്തിന് കാരണം. തനിക്കെതിരായ പരാതിയില്‍ ഡി.വൈ.എസ്.പി ബെന്നിയും എസ്.പി സുജിത്ത് ദാസും സ്പെഷ്യല്‍ ബ്രാഞ്ച് എ.എസ്.പിയും പല തവണ അന്വേഷണം നടത്തിയിരുന്നു. സംഭവം നടന്നെന്ന് ആരോപിക്കുന്ന ദിവസം ഞാനും പരാതിക്കാരിയും ഒരേ ലൊക്കേഷനില്‍ ഉണ്ടായിരുന്നില്ലെന്ന് തെളിഞ്ഞതാണെന്നും വിനോദ് വ്യക്തമാക്കി.
