തൃശ്ശൂര്‍: തൃശ്ശൂര്‍ രൂപം അലങ്കോലമാക്കാന്‍ ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് സംബന്ധിച്ച റിപ്പോര്‍ട്ട് നാളെ തന്റെ കൈയ്യില്‍ കിട്ടും. തൃശ്ശൂരില്‍ അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വിവരങ്ങള്‍ തനിക്ക് ഇപ്പോള്‍ അറിയില്ല. അതേക്കുറിച്ച് തനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയില്ല. റിപ്പോര്‍ട്ട് പുറത്തുവിടും. റിപ്പോര്‍ട്ടില്‍ ഇന്നതാണ് പറഞ്ഞിരിക്കുന്നത് എന്ന് ചില വലതുപക്ഷ മാധ്യമങ്ങള്‍ വലിയതോതില്‍ ഇപ്പോഴേ പ്രചാരണം ആരംഭിച്ചിരിക്കുകയാണ്.
പൂരം അലങ്കോലമാക്കിയ സംഭവത്തില്‍ 24 ന് മുമ്പ് റിപ്പോര്‍ട്ട് ലഭിക്കണം എന്ന് താന്‍ ഉത്തരവിട്ടിരുന്നു. 23 ന് തന്നെ റിപ്പോര്‍ട്ട് ഡിജിപിയുടെ ഓഫീസിലെത്തി. ആ റിപ്പോര്‍ട്ട് നാളെ എന്റെ കൈയ്യിലെത്തും.
ആളുകള്‍ക്കിടയില്‍ വല്ലാത്ത വികാരം ഉണ്ടാക്കുകയാണ് മാധ്യമങ്ങള്‍. ഈ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്ന് വന്നാല്‍ എത്ര വലിയ നെറികേടാവും വലതുപക്ഷ മാധ്യമങ്ങള്‍ കാണിച്ചിരിക്കുക. എങ്ങനെയെങ്കിലും നാട് തകര്‍ന്നാല്‍ മതി എന്ന നിലപാടാണ് നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ സ്വീകരിക്കുന്നതെന്നും പിണറായി വിമര്‍ശിച്ചു.
