ദ ഹിന്ദുവില്‍ നല്കിയ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വ്യക്തത വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്. താനോ സര്‍ക്കാരോ ഒരു പിആര്‍ ഏജന്‍സിയെയും അഭിമുഖത്തിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും പി ആര് പ്രവര്‍ത്തനത്തിനായി പണം ചിലവാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
”ഹിന്ദുവിന് ഇന്റര്‍വ്യൂ നല്കിക്കൂടെ എന്ന് ചോദിച്ച് ഹരിപ്പാട് മുന്‍ എം.എല്‍.എ ദേവകുമാറിന്റെ മകന് സുബ്രഹ്മണ്യന് സമീപിക്കുകയായിരുന്നു. അത് പ്രകാരമാണ് ഇന്റര്‍വ്യൂ നല്‍കിയത്.
‘പക്ഷേ, ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ചുവന്നപ്പോള്‍ അതില്‍ താന്‍ പറയാത്ത കാര്യങ്ങളുമുണ്ടായിരുന്നു. തന്നോട് ചോദിച്ചതിനൊക്കെ കൃത്യമായി ഉത്തരം പറഞ്ഞതാണ്. നിങ്ങള്‍ക്കറിയാമല്ലോ എന്റെ നിലപാടുകള്‍. ഏതെങ്കിലുമൊരു ജില്ലയെയോ വിഭാഗത്തെയോ പ്രത്യേകമായി കുറ്റപ്പെടുത്തി സംസാരിക്കുന്ന രീതി തന്റെ നിലപാടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഭിമുഖത്തിനിടെ മറ്റൊരാള്‍ കൂടി കടന്നുവന്നതായും എന്നാല്‍ അയാളെ തനിക്കറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, പറയാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഇടപെട്ട പിആര്‍ ഏജന്‍സിക്കെതിരെ നിയമ നടപടിയുണ്ടാവുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്കാന് മുഖ്യമന്ത്രി തയാറായില്ല.
മാധ്യമങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന് എന്നെ ഉപയോഗിക്കരുത്. ഏതെങ്കിലും ഒരു ജില്ലയേയോ അവിടുത്തെ ആളുകളെയോ മോശക്കാരായി ചിത്രീകരിക്കേണ്ട ആവശ്യം എനിക്കില്ല. ഇക്കാര്യത്തിലുള്ള നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്” -മുഖ്യമന്ത്രി പറഞ്ഞു.
പി.വി. അന്‍വറിന്റെ ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും വര്‍ഗീയതക്കെതിരായ നിലപാടാണ് സര്‍ക്കാര്‍ എപ്പോഴും സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തില്‍ ഭൂരിപക്ഷ വര്‍ഗീതയും ന്യൂനപക്ഷ വര്‍ഗീയതയും കാണാനാവും. വര്‍ഗീയവാദികള്‍ക്കൊപ്പം നില്ക്കുന്ന നിലപാടാണ് അന്‍വറിന്റേത്. ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് സ്വാഭാവികമാണ്. പ്രകോപനപരമായ മറുപടി ഇപ്പോള്‍ നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
