തിരുവനന്തപുരം: ഇടത് എം.എല്‍.എ. പി.വി.അന്‍വറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഇടതു പശ്ചാത്തലമുള്ള ആളല്ല അന്‍വറെന്നും കോണ്‍ഗ്രസില്‍നിന്ന് വന്നയാളാണെന്നും തുറന്നടിച്ച് മുഖ്യമന്ത്രി.
പി ശശിക്കെതിരെ പരാതിയുണ്ടായിരുന്നെങ്കില്‍ അന്‍വര്‍ ആദ്യം ചെയ്യേണ്ടിയിരുന്നത് പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണ നിലയ്ക്ക് ഒരു പ്രശ്നമുണ്ടായാല്‍ അങ്ങനെയാണ് ചെയ്യുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയിലല്ല കമ്മ്യൂണിസ്റ്റുകാരന് എന്ന നിലയിലാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഐഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അംഗമാണ് അന്‍വര്‍. അതുകൊണ്ടാണല്ലോ ഇടതുപക്ഷ എംഎല്‍എ എന്ന് പറയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടിയാണ് നിയോഗിച്ചത് എന്ന് അദ്ദേഹം തന്നെ പറയുന്നു. അന്‍വറിന് അങ്ങനെയൊരു പരാതിയുണ്ടായിരുന്നെങ്കില്‍ ആദ്യം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തണമായിരുന്നു. അതിന് ശേഷം മാത്രം പരസ്യനിലപാടിലേക്ക് പോകണമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്‍വറിനെ കുറിച്ച് പരിശോധിക്കണമെന്ന് ഗവര്‍ണര്‍ ഒരു കത്തയച്ചിട്ടുണ്ട്. അത് ബന്ധപ്പെട്ടവര്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി ശശിക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി ശശിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമാണ്. പി ശശി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമവിരുദ്ധമായി ഒന്നും ഇവിടെ നടക്കില്ല. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്താല്‍ പി ശശിയെന്നല്ല, ആരും സീറ്റില്‍ കാണില്ല.
