പത്തനംതിട്ട: പത്തനംതിട്ടയില്‍ വിനോദയാത്രക്ക് പോയ ബസ് മറിഞ്ഞ് 40 ലേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കടമ്പനാട് കല്ലുകുഴിയിലാണ് അപകടമുണ്ടായത്.
അമിതവേഗതയില്‍ വളവ് തിരിയവേ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 6.30 നാണ് സംഭവം.
വാഗമണിലേക്ക് ടൂറുപോയ കൊല്ലം ഫാത്തിമ മാതാ കോളേജിലെ വിദ്യാര്‍ഥികളുടെ സംഘമാണ് അപകടത്തില്‍പെട്ടത്.
44 പെണ്‍കുട്ടികളും 5 ആണ് കുട്ടികളും 3 അധ്യാപകരുമാണ് ബസില്‍ ഉണ്ടായിരുന്നത്. കല്ലുകുഴി ജംഗ്ഷനില്‍ വളവ് തിരിയവേ ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
പരിക്കേറ്റവരെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരും അടൂര്‍ ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
