ഡല്‍ഹി: ഗാന്ധി ജയന്തി ദിനത്തില്‍ വിവാദ പോസ്റ്റുമായി മാണ്ഡി ബിജെപി എംപി കങ്കണ റണാവത്. ‘രാജ്യത്തിന് പിതാക്കന്മാരില്ല; അതിന് പുത്രന്മാരുണ്ട്. ഭാരതമാതാവിന്റെ ഈ പുത്രന്മാരാണ് ഭാഗ്യവാന്മാര്’ എന്നായിരുന്നു കങ്കണയുടെ കുറിപ്പ്. ഇതേ പോസ്റ്റില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിക്ക് അദ്ദേഹത്തിന്റെ 120-ാം ജന്മവാര്ഷികത്തില് ആദരാഞ്ജലിയും അര്‍പ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ രണ്ടിന് തന്നെയാണ് ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടേയും ജന്മദിനം.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിന് പിന്നാലെ കങ്കണയ്ക്കെതിരെ വിമര്‍ശനം ശക്തമാകുകയാണ്. ഇതിന് പിന്നാലെ പങ്കുവെച്ച പോസ്റ്റില്‍ ഗാന്ധിജി മുന്നോട്ടുവെച്ച ശുചിത്വത്തെ പിന്തുടര്‍ന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കങ്കണ നന്ദിയും അറിയിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ കങ്കണയ്ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സുപ്രിയ ഷ്രിനേറ്റ് രംഗത്തെത്തിയിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ ജന്മവാര്ഷിക ദിനത്തിലാണ് ബിജെപി എംപി കങ്കണ ഈ മോശം പരിഹാസം നടത്തിയത്. രാജ്യത്തിന് രാഷ്ട്രപിതാവുണ്ട്, മക്കളുണ്ട്, രക്തസാക്ഷികളുമുണ്ട്. എല്ലാവര്ക്കും തുല്യ ബഹുമാനം ആവശ്യമാണ്, ഷ്രിനേറ്റ് എക്സില്‍ കുറിച്ചു.
കങ്കണയുടെ പ്രസ്താവനയെ വിമര്‍ശിച്ച് ബി.ജെ.പി? നേതാവും രംഗത്തെത്തി. മനോരഞ്ജന്‍ കലിയയാണ് കങ്കണയുടെ പ്രസ്താവനയെ വിമര്‍ശിച്ചത്. ഗാന്ധിജിയുടെ 155ാം ജന്മവാര്ഷിക ദിനത്തില്‍ കങ്കണ നടത്തിയ പ്രതികരണത്തെ അപലപിക്കുകയാണ്. രാഷ്ട്രീയത്തില്‍ ചെറിയ കാലം കൊണ്ട് തന്നെ വിവാദ പ്രസ്താവനകള്‍ നടത്തുകയെന്നത് കങ്കണ ശീലമാക്കിയിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
