പശുത്തൊഴുത്ത് വൃത്തിയാക്കി അവിടെ കിടക്കുന്നത് അര്‍ബുദം ഭേദമാക്കും; ഉത്തര്‍പ്രദേശ് ബി.ജെ.പി മന്ത്രി

ലഖ്‌നോ: പശുത്തൊഴുത്ത് വൃത്തിയാക്കുന്നതും അവിടെ കിടക്കുന്നതും അര്‍ബുദം ഭേദമാക്കുമെന്ന വിചിത്ര വാദവുമായി ഉത്തര്‍പ്രദേശ് ബി.ജെ.പി മന്ത്രി. പശുക്കളെ ഓമനിക്കുന്നതും മുതുകില്‍ തലോടുന്നതും രക്തസമ്മര്‍ദം കുറക്കുമെന്നും കരിമ്പ് വികസന മന്ത്രി സഞ്ജയ് സിങ് ഗാംഗ്വാര്‍ പറഞ്ഞു. സ്വന്തം മണ്ഡലമായ പിലിഭിത്തിലെ പകാഡിയ നൗഗവാനിലെ ഗോശാല ഉദ്ഘാടനത്തിനിടെയാണ് മന്ത്രിയുടെ വിചിത്ര വാദം.

പശുത്തൊഴുത്ത് വൃത്തിയാക്കി അതില്‍ കിടന്നാല്‍ അര്‍ബുദ രോഗം സ്വയം സുഖപ്പെടുത്താനാകും. വിവാഹ വാര്‍ഷികവും കുട്ടികളുടെ ജന്മദിനവും ഗോശാലകളില്‍ ആഘോഷിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

‘രക്തസമ്മര്‍ദ്ദമുള്ള രോഗിയുണ്ടെങ്കില്‍ ഇവിടെ പശുക്കള്‍ ഉണ്ട്. ആ വ്യക്തി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പശുവിനെ അതിന്റെ മുതുകില്‍ താലോലിച്ച് സേവിക്കണം. ഒരു കാന്‍സര്‍ രോഗി പശുത്തൊഴുത്ത് വൃത്തിയാക്കി അതില്‍ കിടന്നാല്‍ ക്യാന്‍സര്‍ പോലും ഭേദമാകും. ചാണക വറളി കത്തിച്ചാല്‍ കൊതുകില്‍ നിന്ന് ആശ്വാസം ലഭിക്കും. പശു ഉത്പാദിപ്പിക്കുന്നതെല്ലാം ഒരു തരത്തില്‍ ഉപയോഗപ്രദമാണ്’, മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *