തിരുവനന്തപുരം: ഇ.പി. ജയരാജനെ എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി. ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച സി.പിഎമ്മിനെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതാണ് കണ്‍വീനര്‍ സ്ഥാനം നഷ്ടമാകുന്നതിലേക്ക് നയിച്ചത്.
സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇ.പി രാജി സന്നദ്ധത നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഇന്നത്തെ സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെ ഇ.പി. കണ്ണൂരിലേക്ക് മടങ്ങി. രാവിലെ 10 മണിയോടെ കണ്ണൂരിലെ വസതിയിലെത്തിയ ഇ.പി. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല.
പകരം മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ എ.കെ ബാലന്റെ പേരാണ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണനയില്‍. ബാലന്‍ അല്ലെങ്കില്‍ ടി.പി രാമകൃഷ്ണന് ചുമതല നല്‍കിയേക്കും.
