കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ആരോപണമുന്നയിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ കടന്നാക്രമിച്ച് സൈബറിടം.
പി.പി. ദിവയക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം,ഒരു അഹങ്കാരി ഒരു മനുഷ്യന്റെ ജീവനെടുത്തു,യാത്രയയപ്പ് യോഗത്തില്‍ തന്നെ വേണമായിരുന്നോ ഇത്തരത്തിലുള്ള ആക്ഷേപമെന്നും നിങ്ങള്‍ ക്ഷണിക്കാതെ അവിടെ ചെന്ന് എന്തെല്ലാമാണ് പറഞ്ഞതെന്നും ചോദിച്ചുകൊണ്ടുള്ള കമന്റുകള്‍ പിപി ദിവ്യയുടെ ഫെയ്സ്ബുക്ക് പേജുകളില്‍ നിറയുകയാണ്.
‘സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ മരണത്തിലേക്ക് തള്ളി വിട്ടപ്പോള്‍ സന്തോഷമായില്ലേ ?അതും ക്ഷണിക്കപ്പെടാത്ത ഒരു സദസ്സിലേക്ക് വന്നിട്ട്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നാല്‍ ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രസിഡന്റ് അല്ലാ, ഒരുത്തനെ കൊലപ്പെടുത്തിയപ്പോള്‍ സമാധാനമായോ’, , അവസാന നിമിഷം അപമാനിച്ച് തന്നെ അയക്കാനുള്ള ബോധപൂര്‍വ്വവും കരുതിക്കൂട്ടിയുള്ളതുമായ ശ്രമമാണ് ദിവ്യ നടത്തിയതെന്നും കമന്റുകളില്‍ പറയുന്നു.
നവീന്‍ ബാബുവിനെ ഇന്ന കണ്ണൂര്‍ പള്ളിക്കുന്നിലുള്ള ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് സംഭവം.

