വര്‍ക്കല: വര്‍ക്കല അയിരൂരില്‍ വൃദ്ധ മാതാപിതാക്കളെ വീടിന് പുറത്താക്കിയ സംഭവത്തില്‍ മകള്‍ സിജിക്കും ഭര്‍ത്താവിനും എതിരെ പൊലീസ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അയിരൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. സ്വത്ത് തട്ടിയെടുക്കല്‍, വഞ്ചന കുറ്റം എന്നിവ ചുമത്തിയാണ് സിജിക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് ഇവര്‍ മാതാപിതാക്കളെ വീട്ടില്‍ പുറത്താക്കി ഗേറ്റ് അടച്ചത്.
79 വയസ്സുള്ള സദാശിവനെയും 73 വയസ്സുള്ള സുഷമയെയുമാണ് മകള്‍ സിജി വീടിന് പുറത്താക്കിയത്. നാട്ടുകാരെത്തി ഗേറ്റ് തള്ളി തുറന്നെങ്കിലും ഇവര്‍ മാതാപിതാക്കളെ വീടിനുള്ളില്‍ കയറ്റാന്‍ തയ്യാറായില്ല. പിന്നീട് അയിരൂര്‍ പൊലീസ് സ്ഥലത്തെത്തി സംസാരിച്ചെങ്കിലും മകള്‍ വഴങ്ങിയില്ല. നേരത്തെയും സിജി മാതാപിതാക്കളെ പുറത്താക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പിന്നാലെ പൊലീസ് ഇവരെ വൃദ്ധസദനത്തിലേക്ക് മാറ്റുകയായിരുന്നു.