ഡിസിസി ട്രഷററുടേയും മകന്റേയും മരണം; ഐസി ബാലകൃഷ്ണന്‍ എംഎല്‍എ രാജിവെക്കണം ; പ്രതിഷേധം ശക്തമാക്കി സിപിഐഎം

കല്‍പ്പറ്റ:വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും മകന്റെയും മരണത്തില്‍ പ്രതിഷേധവുമായി സിപിഎം.സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്റെ രാജി ആവശ്യം ശക്തമാക്കിയിരിക്കുകയാണ് സിപിഎം. ഐസി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം എന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബത്തേരിയിലെ എംഎല്‍എ ഓഫീസിലേക്ക് സിപിഎം നാളെ മാര്‍ച്ച് നടത്തും. ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് സിപിഐഎമ്മിന്റ പ്രധാന ആവശ്യം.

സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ആരോപണങ്ങളും പൊലീസ് അന്വേഷിക്കും. തെളിവുകള്‍ ലഭിച്ചാല്‍ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. സുല്‍ത്താന്‍ബത്തേരി പൊലീസ് ആണ് എന്‍എം വിജയന്റെയും മകന്റെയും ആത്മഹത്യ അന്വേഷിക്കുന്നത്.അര്‍ബന്‍ ബാങ്ക് നിയമന തട്ടിപ്പുമായി വിജയന്റെയും മകന്റെയും മരണത്തിന് ബന്ധമുണ്ടെന്നാണ് സി.പി.എമ്മിന്റെ ആരോപണം.

വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായിരുന്നു എന്‍ എം വിജയന്‍. നീണ്ടകാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരേയും വിഷം കഴിച്ച് വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെയാണ് ഇരുവരും മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *