ആലപ്പുഴ: ആലപ്പുഴയിലെ വീട്ടില്‍ കുഴിച്ചുമൂടിയ നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇത് കടവന്ത്രയില്‍നിന്ന് കാണാതായ സുഭദ്ര (73) യുടേതാണെന്ന് സംശയിക്കുന്നു.
കലവൂരില്‍ മാത്യൂസ്-ശര്‍മിള ദമ്പതികള്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ആലപ്പുഴ ഡിവൈ.എസ്.പി മധുബാബുവിന്റെ നേതൃത്വത്തില്‍ പൊലീസ് പരിശോധന തുടരുകയാണ്. അന്വേഷണത്തിലൂടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞമാസം ഏഴാം തീയതി മുതല്‍ സുഭദ്രയെ കാണാനില്ലെന്ന് മകനാണ് കൊച്ചി പോലീസില്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ സുഭദ്ര അവസാനമെത്തിയത് ആലപ്പുഴ മണ്ണഞ്ചേരി പോലീസ് സ്റ്റേഷന് പരിധിയിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസ് സംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് മാത്യൂസ്-ശര്‍മിള ദമ്പതിമാരുടെ വീട്ടിലേക്കാണ് സുഭദ്ര എത്തിയതെന്ന് വ്യക്തമായത്.
സുഭദ്ര ഇവിടേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമീപത്തെ വീട്ടില്‍നിന്ന് ലഭിച്ചിരുന്നു. എന്നാല്‍, ഇവര്‍ തിരികെപോകുന്നത് സിസിടിവിയില്‍ കണ്ടില്ല. മാത്യൂസിനെയും ശര്‍മിളയെയും ദിവസങ്ങളായി കാണാനില്ലെന്നും വ്യക്തമായതോടെ സംശയം ബലപ്പെട്ടു.ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ പരിശോധന ആരംഭിച്ചത്. സുഭദ്ര ഒറ്റക്കായിരുന്നു താമസം. ഇവരെ കാണാന്‍ ഇടക്ക് ഒരു സ്ത്രീ വരാറുണ്ടായിരുന്നു. സുഭദ്രയുടെ കൈവശം സ്വര്‍ണവും പണവും ഉണ്ടായിരുന്നു. ഇത് കവര്‍ന്ന ശേഷമാണ് കൊലപാതകമെന്നാണ് സംശയിക്കുന്നത്.