ഹിറ്റ്ലര്‍ ജൂതന്മാരെ ലക്ഷ്യമിട്ടത് പോലെ ആര്‍.എസ്.എസ് മുസ്ലിംകളെ ലക്ഷ്യമിടുന്നു;ദിഗ്വിജയ് സിങ്

ഇന്‍ഡോര്‍: ഹിറ്റ്ലറുടെ ഭരണത്തിന്‍ കീഴിലെ ജൂതന്മാര്‍ക്കെതിരായ പീഡനത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ആര്‍.എസ്.എസ് ഇന്ത്യയിലെ മുസ്‌ലിംകളെ ലക്ഷ്യമിടുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്.ജയിലില്‍ കഴിയുന്നവര്‍ മുസ്ലിങ്ങളാണെങ്കില്‍ ജാമ്യം ലഭിക്കുക എളുപ്പമല്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ജാമ്യമാണ് നിയമം, ജയിലാണ് ഒഴിവാക്കപ്പെട്ടത്’ എന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ദിഗ്വിജയ് സിംഗ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ആര്‍എസ്എസിനെ നഴ്സറി എന്ന് വിളിക്കുന്ന സ്ഥലത്ത് നിന്നാണ് താന്‍ വരുന്നതെന്ന് ദിഗ്വിജയ് സിംഗ് പറഞ്ഞു. തനിക്ക് അവരെ നന്നായി അറിയാം. അവര്‍ ജനാധിപത്യത്തിലോ ഭരണഘടനയിലോ വിശ്വസിക്കുന്നില്ല. അവരുടെ പ്രത്യയ ശാസ്ത്രം എല്ലാ തലങ്ങളിലും നുഴഞ്ഞുകയറുന്നത് ജനാധിപത്യത്തിന് അപകടകരമാണെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു.

ഉമര്‍ ഖാലിദിന്റെ പിതാവ് എസ്.ക്യു.ആര്‍ ഇല്യാസ്, ഉമറിനെയടക്കം അടക്കം അറസ്റ്റ് ചെയ്ത നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ പോലുള്ള കര്‍ശനമായ നിയമങ്ങളെക്കുറിച്ച് ആശങ്ക ഉന്നയിച്ചു. അത് ഉമര്‍ ആയാലും ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായവരായാലും. പാര്‍ലമെന്റിനുള്ളില്‍ രൂപപ്പെടുത്തിയ ഈ കിരാത നിയമങ്ങള്‍ ഭീകരത തടയാന്‍ വേണ്ടിയുള്ളതാണ്. പക്ഷേ, അവ ഉപയോഗിക്കുന്നത് സാധാരണക്കാര്‍ക്കെതിരെയാണ്. ബി.ജെ.പി പോട്ട കൊണ്ടുവന്നു. കോണ്‍ഗ്രസ് അത് റദ്ദാക്കി. എന്നാല്‍, യു.എ.പി.എ പ്രകാരം അതി?ന്റെ എല്ലാ വ്യവസ്ഥകളും പിന്നീട് തിരികെ കൊണ്ടുവന്നുവെന്നും ഇല്യാസ് പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട വിചാരണക്കൊടുവില്‍ ഒരാള്‍ നിരപരാധിയാണെന്ന് കണ്ടെത്തുമ്പോള്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഡല്‍ഹി പൊലീസ് കേസിലെ സാക്ഷികള്‍ക്ക് ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ തുടങ്ങിയ പേരുകള്‍ ഉപയോഗിക്കുന്നതിനെയും അദ്ദേഹം പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *