കൊച്ചി: പ്രശസ്ത സംവിധായകന്‍ ഷാഫി (56) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ 12.25 ഓടെ ആയിരുന്നു അന്ത്യം.
ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് ഈ മാസം 16-നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഷാഫി ചികിത്സതേടിയത്. വിദഗ്ധ പരിശോധനയില്‍ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. കല്യാണരാമന്‍, തൊമ്മനും മക്കളും, മായാവി, പുലിവാല്‍ കല്യാണം, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, ടു കണ്‍ട്രീസ്, ഷെര്‍ലക്ക് ടോംസ് എന്നിവയടക്കം 18 സിനിമകള്‍ സംവിധാനം ചെയ്തു.
2001 ല്‍ ജയറാം നായകനായ വണ്‍മാന്‍ ഷോ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. 2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം.
എളമക്കര മൂത്തോട്ടത്ത് എം.പി. ഹംസയുടെയും നബീസയുടെയും മകനായി ജനിച്ച ഷാഫിയുടെ യഥാര്‍ഥ പേര് എം.എച്ച്. റഷീദ് എന്നാണ്. ബന്ധുവായ സംവിധായകന്‍ സിദ്ദീഖിന്റെയും സഹോദരന്‍ റാഫിയുടെയും പാതയിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്.
ഭാര്യ ഷാമില. മക്കള്‍: അലീന, സല്‍മ.