തിരുപ്പതി: ഡോക്ടര്‍മാരുടെ സുരക്ഷക്കായി രാജ്യവ്യാപകമായി മുറവിളി കൂട്ടുന്നതിനിടെ രാജ്യത്തെ നടുക്കി മറ്റൊരു ആക്രമണം കൂടി.തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ജൂനിയര്‍ വനിത ഡോക്ടറെ രോഗി ക്രൂരമര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളില്‍, രോഗി ഡോക്ടറുടെ മുടിയില്‍ ബലമായി പിടിക്കുന്നതും ആശുപത്രി കിടക്കയുടെ സ്റ്റീല്‍ ഫ്രെയിമില്‍ തലയിടിപ്പിക്കുന്നതും കാണാം. ഉടന്‍ ഓടിയെത്തിയ വാര്‍ഡിലെ മറ്റ് ഡോക്ടര്‍മാര്‍ ആക്രമിയെ കീഴ്‌പ്പെടുത്തുന്ന ദൃശ്യമാണ് പുറത്തുവന്നത്.
സംഭവത്തില്‍ പരിക്കേറ്റ ഡോക്ടര്‍ സുഖം പ്രാപിച്ച് വരികയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
സംഭവത്തെത്തുടര്‍ന്ന് ആശുപത്രിയിലെ മെഡിക്കല്‍ പ്രഫഷണലുകളും ജീവനക്കാരും തങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ ആവശ്യപ്പെട്ട് പ്രതിഷേധിച്ചു.
