മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് വിടവാങ്ങി

ഡല്‍ഹി: മുന്‍പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ മന്‍മോഹന്‍ സിങ് അന്തരിച്ചു. 92 വയസ്സായിരുന്നു. ഡല്‍ഹി എയിംസില്‍ വ്യാഴാഴ്ച രാത്രി 9.51ഓടെയായിരുന്നു അന്ത്യം.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ രാത്രി എട്ട് മണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 9.51-ന് മരണം സ്ഥിരീകരിച്ചു.

2004 മേയ് 22 മുതല്‍ തുടര്‍ച്ചയായ പത്ത് വര്‍ഷക്കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ച വ്യക്തിയായിരുന്നു ഡോ.മന്‍മോഹന്‍ സിങ്ങ്.

ഗുര്‍ശരണ്‍ കൗര്‍ ആണ് ഭാര്യ. ഉപീന്ദര്‍ സിങ്, ദാമന്‍ സിങ്, അമൃത് സിങ് എന്നിവര്‍ മക്കളാണ്.

ഇന്ത്യാ വിഭജനത്തിനു മുന്‍പ് ഇപ്പോഴത്തെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗായില്‍ 1932 സെപ്റ്റംബര്‍ 26നാണ് ഡോ. മന്‍മോഹന്‍ സിങ്ങ് ജനിച്ചത്.

സാമ്പത്തികശാസ്ത്രം ഇഷ്ടമേഖലയാക്കിയ മന്‍മോഹന്‍ സിങ് മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് രാഷ്ട്രീയത്തിലെത്തിയത്. ഒടുവില്‍ 2004 മേയ് 22 ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയിലുമെത്തി.

സിഖ്മതസ്ഥനായ ആദ്യ പ്രധാനമന്ത്രിയും, ഹൈന്ദവ സമുദായത്തില്‍ നിന്നുമല്ലാതെ പ്രധാനമന്ത്രിയാവുന്ന ആദ്യത്തെ വ്യക്തിയും കൂടെയാണ് മന്‍മോഹന്‍ സിങ്.

മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിനേക്കാള്‍ സാമ്പത്തിക വിദഗ്ദ്ധനായാണ് മന്‍മോഹനെ വിലയിരുത്തേണ്ടത്. പഞ്ചാബ് സര്‍വ്വകലാശാല, കേംബ്രിഡ്ജ് സര്‍വകലാശാല, ഓക്‌സ്ഫഡ് സര്‍വകലാശാല എന്നിവിടങ്ങളില്‍ പഠിച്ചാണ് ഡോ. സിംഗ് സാമ്പത്തിക ശാസ്ത്രത്തില്‍ അവഗാഹം നേടിയത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്നനിലയില്‍ ദേശീയതലത്തിലും അന്താരാഷ്ട്ര നാണയനിധി(ഐ.എം.എഫ്.) അംഗമെന്നനിലയില്‍ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധനേടിയ ശേഷമാണ് രാഷ്ട്രീയത്തിലെത്തുന്നത്.

ധനമന്ത്രി പദത്തിലിരിക്കുമ്പോള്‍ സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക അടിത്തറതന്നെ മാറ്റിവരയ്ക്കുന്ന പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി. സോഷ്യലിസ്റ്റ്/മുതലാളിത്ത സമ്മിശ്ര സാമ്പത്തിക വ്യവസ്ഥിതിയില്‍ പടുത്തുയര്‍ത്തപ്പെട്ട ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ആഗോളവല്‍ക്കരണത്തിനും ഉദാരവല്‍ക്കരണത്തിനും വേണ്ടി തുറന്നിടുകയായിരുന്നു സിങിന്റെ ആദ്യത്തെ പരിഷ്‌കാരം. ഈ സാമ്പത്തിക നയങ്ങള്‍ തുടക്കത്തില്‍ ഒട്ടേറെ എതിര്‍പ്പുകള്‍ വിളിച്ചു വരുത്തിയിരുന്നു.എന്നാല്‍ പിന്നീട് മറ്റു പല രാഷ്ട്രീയ സംഘടനകളും ഭരണതന്ത്രജ്ഞരും മന്‍മോഹന്‍ സിങിന്റെ പരിഷ്‌കാരങ്ങളെ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതലത്തില്‍ അംഗീകരിച്ചു. 1991 ലെ ഇന്ത്യന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ആവിഷ്‌കര്‍ത്താവ് എന്ന നിലയിലും സിങ് വ്യവസായികളുടെ ഇടയില്‍ അറിയപ്പെടുന്നുണ്ട്.

2009-ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ മന്മോഹന്‍ സിങ് വീണ്ടും പ്രധാനമന്ത്രിയായി. ഇതോടെ ജവഹര്‍ലാല്‍ നെഹ്‌റുവിനു ശേഷം അഞ്ചു വര്‍ഷം അധികാരം പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി പദത്തില്‍ വീണ്ടുമെത്തുന്ന പ്രധാനമന്ത്രിയായി മന്‍മോഹന്‍ സിങ്.

2010 ല്‍ ടൈം മാസിക ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള 100 ആളുകളില്‍ ഒരാളായി തിരഞ്ഞെടുത്തിരുന്നു. ലൈസന്‍സ് രാജ് സംവിധാനത്തിന്റെ അന്ത്യം കുറിക്കുകയും പുതിയ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥിതിക്ക് തുടക്കമിടുകയും ചെയ്യാന്‍ ഇദ്ദേഹത്തിനായി എന്ന് വിലയിരുത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *