മദ്യപിച്ച് വാഹനം ഓടിച്ച് സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചുതെറിപ്പിച്ചു; നടന്‍ ബൈജുവിനെതിരെ കേസ്

തിരുവനന്തപുരം: മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാറോടിച്ച് സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചുതെറിപ്പിച്ചു. സംഭവത്തില്‍ നടന്‍ ബൈജുവിനെതിരെ കേസ്. അപകടത്തില്‍ സ്‌കൂട്ടര്‍ തകരുകയും യാത്രക്കാരന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്ത് വെച്ചാണ് സംഭവം.

മദ്യപിച്ച് അമിതവേഗതയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയെന്നാണ് കേസ്. കസ്റ്റഡിയില്‍ എടുത്ത ബൈജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കവടിയാര്‍ ഭാഗത്ത് നിന്നും വന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റയാളെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

രാത്രി വൈദ്യപരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തസാമ്പിള്‍ നല്‍കാന്‍ താരം വിസമ്മതിച്ചു. തുടര്‍ന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയ്ക്ക് തയ്യാറായില്ലെന്നും കാട്ടി ഡോക്ടര്‍ പോലീസിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *